
കുട്ടികളുടെ കളിപ്പാട്ടം പോലെ തോന്നിക്കുന്ന ഒരു 'സാധനത്തിന്റെ' ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.യഥാർത്ഥത്തിൽ ഇത് കളിപ്പാട്ടമല്ല, ഒരു ജീവിയാണ്! ഈ വിചിത്ര ജീവി ഏതാണ് എന്നാണോ ആലോചിക്കുന്നത്?
എങ്കിൽ കേട്ടോളൂ ഇതൊരു കുഞ്ഞു സ്രാവാണ്! ഫെബ്രുവരി 21 ന് ഇന്തോനേഷ്യയിൽ നിന്നുള്ള അബ്ദുല്ല നൂറൻ എന്ന മത്സ്യത്തൊഴിലാളിക്കാണ് ഈ കുഞ്ഞു സ്രാവിനെ കിട്ടിയത്. കിഴക്കൻ നുസ തെൻഗാരയിലെ റോട്ടെ നാവാവോയിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ നൂറന്റെ വലയിൽ ഒരു സ്രാവ് കുടുങ്ങിയിരുന്നു. പിറ്റേന്ന് ആ സ്രാവിന്റെ വയറു കീറിയപ്പോൾ എനിക്ക് മൂന്ന് കുഞ്ഞുങ്ങളെ കിട്ടി. രണ്ടെണ്ണം അമ്മ സ്രാവിനെപ്പോലെയായിരുന്നു.എന്നാൽ മൂന്നാമത്തേതിന് മനുഷ്യമുഖത്തോട് സാദൃശ്യം തോന്നിയെന്ന് നൂറൻ പറഞ്ഞു.
ഈ കുഞ്ഞൻ സ്രാവിനെക്കുറിച്ചാണ് ഇപ്പോൾ നാട്ടിൽ മുഴുവൻ ചർച്ച. നിരവധി പേരാണ് ഇതിനെക്കാണാൻ നൂറിന്റെ വീട്ടിലെത്തുന്നത്. ചിലർ സ്രാവിനെ വാങ്ങാനുള്ള ആഗ്രഹവും പ്രകടിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. എന്നിരുന്നാലും ഇതിനെ വിൽക്കാൻ താൻ ഒരുക്കമല്ലെന്നും, ഈ ജീവി തനിക്ക് സൗഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നതായി നൂറിൻ കൂട്ടിച്ചേർത്തു.