
വിനോദ സഞ്ചാരികൾക്ക് വ്യത്യസ്തമായ റോപ് വേ റൈഡ് ഒരുക്കി ജാപ്പനീസ് തീം പാർക്ക്. ഈ റോപ് വേ ചെന്നവസാനിക്കുന്നത് ഭീകരനായ ഒരു ഗോഡ്സില്ല പ്രതിമയുടെ വായിലാണ് എന്നതാണ് ഈ കിടിലൻ റൈഡിന്റെ സവിശേഷത. ജപ്പാനിലെ അവാജി ദ്വീപിലെ 'നിജിജെൻ നോ മോറി' തീം പാർക്കിലാണ് വളരെ വിചിത്രമായൊരു ത്രില്ലിംഗ് അനുഭവം സന്ദർശകരെ കാത്തിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബർ മുതലാണ് ഗോഡ്സില്ല പാർക്ക് സന്ദർശകർക്കായി തുറന്നത്.
ഈ തീം പാർക്കിന്റെ ഹൃദയഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന ഗോഡ്സില്ല പ്രതിമയാണ് ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ആദ്യം ദൃശ്യമാകുന്നത്. ഈ ഭീകരൻ ഗോഡ്സില്ല പ്രതിമയ്ക്ക് ഏകദേശം 20 മീറ്റർ ഉയരവും 25 മീറ്റർ വീതിയും 55 മീറ്റർ നീളവുമാണ്. ഗോഡ്സില്ലയെ കീഴടക്കുക എന്ന വെല്ലുവിളി ഏറ്റെടുത്തെത്തുന്ന സഞ്ചാരികൾ ഒരു കൂട്ടം 'മിഷനു'കളിലൂടെ കടന്നു പോകേണ്ടതുണ്ട്. അതിനായി ആദ്യം ചെയ്യേണ്ടത് 'നാഷണൽ അവാജി ഐലന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഗോഡ്സില്ല ഡിസാസ്റ്ററിൽ' അംഗത്വം എടുക്കുക എന്നതാണ്. അതിനു ശേഷം മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ അടങ്ങിയ ഏഴു മിനിറ്റ് ചലച്ചിത്രം സഞ്ചാരികളെ കാണിക്കും.
ഗോഡ്സില്ലയുടെ വായിലേക്ക് റോപ് വേയിൽ എത്തിച്ചേരുക മാത്രമല്ല, കഥയനുസരിച്ച് ഗോഡ്സില്ല കൂടുതൽ വളരാതിരിക്കാൻ അതിനെ എയ്യുകയും വേണം. ഇനി ഗെയിമിൽ പങ്കെടുക്കാതെ വെറും റോപ് വേ യാത്ര മാത്രം മതിയെന്നുള്ള സഞ്ചാരികൾക്ക്, പ്രതിമയുടെ വായിലേക്ക് നയിക്കാത്ത വേറെയും സിപ് ലൈൻ ഉണ്ട്. ഏകദേശം 15 മീറ്റർ ഉയരവും 162 മീറ്റർ നീളവുമാണ് ഈ സിപ് ലൈനിനുള്ളത്.
സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കാനായി ഫോട്ടോകളും വീഡിയോകളും എടുക്കാനുള്ള സൗകര്യവും ഈ തീംപാർക്കിൽ ഒരുക്കിയിട്ടുണ്ട്. ഇതിനായി ഒരു പ്രത്യേക കിറ്റും സഞ്ചാരികൾക്ക് നൽകും. അതിനാൽ, ഫോൺ താഴെപ്പോകും എന്ന പേടിയില്ലാതെ തന്നെ ഫോട്ടോ എടുക്കാം.
ഓഗ് മെന്റഡ് റിയാലിറ്റി സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരുക്കുന്ന മറ്റ് ആക്റ്റിവിറ്റികളും ഇവിടെ ഉണ്ട്. പാർക്കിനു ചുറ്റുമായി നടന്ന് തെളിവുകൾ ശേഖരിച്ച്, ദുരൂഹതകളുടെ ചുരുളഴിക്കുന്ന രീതിയിലാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഇതിൽ വിജയികളാവുന്നവർക്ക് സമ്മാനമായി ഒരു 'പേപ്പർ ഗോഡ്സില്ല ഇൻസ്റ്റിറ്റ്യൂട്ട് ഐ.ഡി കാർഡ്' നൽകും.
ലോകത്തിലെ ആദ്യത്തെ സ്ഥിര ഗോഡ്സില്ല മ്യൂസിയവും ഈ തീം പാർക്കിലാണ് ഉള്ളത് എന്നൊരു സവിശേഷത കൂടിയുണ്ട്. ഗോഡ്സില്ല സിനിമയുടെ സ്‌പെഷ്യൽ ഇഫക്റ്രുകൾ ഒരുക്കിയ ടോഹോ വിഷ്വൽ ആർട്ട് കമ്പനിയുമായി ചേർന്നാണ് ഇത് ഒരുക്കുന്നത്. അതുകൊണ്ടുതന്നെ, സിനിമയിൽ ഉപയോഗിച്ചിട്ടുള്ള നൂറോളം വസ്തുക്കൾ ഇവിടെ നേരിട്ട് കാണാൻ കഴിയും. 1954ലെ ആദ്യത്തെ ഗോഡ്സില്ല സിനിമയിൽ ഉപയോഗിച്ച വസ്തുക്കൾ വരെ ഇവിടുത്തെ ശേഖരത്തിലുണ്ട്.
കൊവിഡ് മൂലം വിദേശയാത്രികർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളതിനാൽ മുൻ വർഷത്തെ അപേക്ഷിച്ച് പാർക്കിൽ എത്തുന്ന പ്രാദേശിക ടൂറിസ്റ്റുകളുടെ എണ്ണം ഇക്കുറി വളരെയധികം കൂടിയിട്ടുണ്ട്.