
ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില ഏതാണ്ട് 100 രൂപയുടെ അടുത്തെത്താറായി. പെട്രോളിന് 28 പൈസയും ഡീസലിന് 25 പൈസയുമാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 93 രൂപയും ഡീസലിന് 87 രൂപ 60 പൈസയുമായി. നികുതിയേതരമായി പെട്രോളിനുളള വില വെറും 31.82 രൂപ മാത്രമാണ്.
രണ്ടിരട്ടി നികുതി നൽകിയാണ് നാം ഇന്ധനം വാങ്ങുന്നതെന്ന് ചുരുക്കം. സംസ്ഥാനവും കേന്ദ്രവും ചുമത്തുന്ന നികുതിയും അധികചാർജുമാണ് ഇതെല്ലാം. എന്നാൽ വിലക്കയറ്റത്തിന് പിന്നിലെ യഥാർത്ഥ കാരണമെന്താണെന്ന് പരിശോധിച്ച് നോക്കുമ്പോൾ രാജ്യത്ത് പ്രതിവർഷം 211.6 മില്യൺ ടൺ ഇന്ധന ഉപഭോഗമാണുളളത്. ഇതിൽ 35 മില്യൺ മാത്രമാണ് രാജ്യത്തെ റിസർവുകളിൽ ഉൽപാദിപ്പിക്കുന്നത്. ആവശ്യമായവയിൽ 85 ശതമാനം ക്രൂഡോയിലും ഇന്ത്യ ഇറക്കുമതി ചെയ്യുന്നു എന്നർത്ഥം.
വിലക്കയറ്റത്തിനുളള കാരണങ്ങൾ
ഇറാഖ്, സൗദി അറേബ്യ, യുഎഇ, അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യ പ്രധാനമായും എണ്ണ ഇറക്കുമതി ചെയ്യുന്നത്. ഇവർ ഈടാക്കുന്ന വില തന്നെയാണ് വിലക്കയറ്റത്തിന് പ്രധാനകാരണം. പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ കൂട്ടായ്‌മയായ ഒപെകും റഷ്യയുമാണ് വിലക്കയറ്റത്തിന് കാരണമെന്നും ചിലർ അഭിപ്രായപ്പെടുന്നു. ആവശ്യം വർദ്ധിക്കുമ്പോഴും വിതരണം കുറച്ചുകൊണ്ടു വരികയാണ് ഒപെക് രാജ്യങ്ങൾ. ഫലമോ നൂറ് രൂപയ്‌ക്കടുത്ത് രാജ്യത്ത് പെട്രോളിന് വാങ്ങുമ്പോൾ വിലക്കയറ്റം ഉപോൽപ്പന്നമായി ഉണ്ടാകുന്നു.
ബാരലിന് വില 60 ഡോളർ മാത്രം
ഒരു ബാരൽ ക്രൂഡോയിലിന് 60 ഡോളറാണ് ഇന്ത്യ നൽകുന്നത്. അതായത് ഒരു ലിറ്ററിന് 28 രൂപ മാത്രം. ഇതിനൊപ്പം ട്രാൻസ്‌പോർട് ചാർജും, ഡീലർമാർക്കുളള കമ്മീഷനും കേന്ദ്ര സംസ്ഥാന നികുതികളും ചേരുമ്പോൾ വില കുതിച്ചുയരും. ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് കഴിഞ്ഞയാഴ്‌ച 89.29 ആയിരുന്നു. ഈ സമയം യഥാർത്ഥ എണ്ണവില 31.82 രൂപയായിരുന്നു. ഇതിനോട് 28 പൈസ ചരക്ക്കൂലിയും ഒപ്പം ഡീലർമാർക്കുളള തുകയായ 32.10 രൂപയും ഒപ്പം കേന്ദ്രത്തിന്റെ എക്‌സൈസ് നികുതിയും ചേരുമ്പോൾ വലിയ വിലയായി അത് മാറി.
3.68 രൂപയാണ് ഇന്ധന ഡീലർമാർക്കുളള കമ്മീഷൻ, ഇതിന് ഇത് ഓരോ സ്ഥലത്തും വ്യതിയാനമുണ്ടാകാം. ഇതിന് പുറമേ 20.61 രൂപ സംസ്ഥാനത്തിന്റെ വാറ്റും. മറ്ര് രാജ്യങ്ങളിൽ ഇന്ധന നികുതി എത്രശതമാനമെന്ന് പരിശോധിച്ചാൽ ഇന്ത്യയിലെ ഇന്ധന വർദ്ധനയുടെ ആഴമറിയാം. ജർമ്മനിയിലും ഇറ്റലിയിലും 65 ശതമാനം, ബ്രിട്ടണിൽ 62 ശതമാനം, ജപ്പാനിൽ 45 ശതമാനം എന്നാൽ ഇന്ത്യയിലിത് പെട്രോളിന് 260 ശതമാനവും ഡീസലിന് 256 ശതമാനവുമാണ്. മൂന്നിരട്ടിയോളം വില.
സംസ്ഥാന-കേന്ദ്ര സർക്കാരുകൾക്ക് വില കുറയ്‌ക്കാനാകുമോ?
വേണമെന്നുവച്ചാൽ സംസ്ഥാന സർക്കാരുകൾക്കോ കേന്ദ്ര സർക്കാരിനോ പെട്രോൾ വില വർദ്ധന നിയന്ത്രിക്കാം. ഇരു സർക്കാരുകൾക്കും പെട്രോൾ വില നിർണയത്തിൽ ഇടപെടാം. നിലവിൽ വില നിശ്ചയിക്കുന്നത് രാജ്യത്തെ എണ്ണ കമ്പനികളാണ്. അന്താരാഷ്‌ട്ര വിപണിയിലെ ചാഞ്ചാട്ടങ്ങൾക്കനുസരിച്ചും തങ്ങളുടെ ലാഭ വിഹിതം നോക്കിയുമാണ് എണ്ണ കമ്പനികൾ വില നിർണയിക്കുക.
മുൻപ് പെട്രോൾ-ഡീസൽ വില നിർണയിച്ചിരുന്നത് സർക്കാരാണ്. വില വർദ്ധനവ് മൂലം ജനങ്ങൾക്ക് ബുദ്ധിമുട്ട് വരാതിരിക്കാൻ എണ്ണ കമ്പനികൾക്ക് സബ്‌സിഡി നൽകിയിരുന്നു. വിലക്കയറ്റം രൂക്ഷമായാൽ സർക്കാരിന് ഇപ്പോഴും ഇടപെടാവുന്നതേയുളളൂ. എണ്ണ
ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളെ മാറ്റി നിശ്ചയിച്ചാൽ മതി. പടിഞ്ഞാറൻ ഏഷ്യൻ രാജ്യങ്ങളെയാണ് ഇപ്പോൾ ഇന്ത്യ എണ്ണ ഇറക്കുമതിയ്‌ക്ക് ആശ്രയിക്കുന്നത്. 61 ശതമാനം എണ്ണയും ഇങ്ങനെയാണ് ലഭിക്കുന്നത്.
അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡൻ ചുമതലയേറ്റതോടെ നിലവിൽ ഇന്ത്യയ്‌ക്ക് ഇറാനിൽ നിന്നും വെനസ്വലയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യാൻ അവസരമുണ്ടായിരിക്കുകയാണ്. മുൻപ് ട്രംപ് അമേരിക്കൻ പ്രസിഡന്റായിരുന്ന കാലത്ത് ഇറാനുമായി നിരന്തരം നടന്നിരുന്ന സംഘർഷം കാരണം ഇറാനിൽ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്യുന്നത് നിർത്തിയിരുന്നു. 2018-19 വർഷങ്ങളിൽ ഇന്ത്യയുടെ ആവശ്യത്തിന്റെ പത്തിലൊന്നും ഇറാനിൽ നിന്നായിരുന്നു ഇറക്കുമതി ചെയ്‌തിരുന്നത്. ഉയരുന്ന ഇന്ധനവില പിടിച്ചുനിർത്താൻ ഇന്ത്യ മറ്റ് എണ്ണ ഉൽപാദന രാജ്യങ്ങളുമായി ഉടമ്പടിയുണ്ടാക്കുകയും ഉയർന്ന നികുതി ഉൾപ്പടെ കുറയ്‌ക്കുകയും ചെയ്യേണ്ടത് അത്യാവശ്യമായിരിക്കുകയാണ്.