
സാങ്കേതികവിദ്യയുടെ അന്യാദൃശമായ വളർച്ചയും വ്യാപനവും വഴി ഇന്ന് ആശയവിനിമയം അദ്ഭുതകരമാം വിധം അനായാസമായിരിക്കുന്നു. കൊവിഡ് കാലത്തിന്റെ ഏകാന്തഭീകരതയിൽ നിന്ന് നമ്മൾ ഒരു പരിധിവരെ രക്ഷനേടിയതു ഈ മാധ്യമങ്ങൾ വഴിയായിരുന്നല്ലോ. ക്വാറന്റൈനിൽ കഴിഞ്ഞവർക്കറിയാം, മൊബൈൽ ഫോണും അത് നൽകുന്ന സാദ്ധ്യതകളുമില്ലായിരുന്നെങ്കിൽ ജീവിതം എത്രകണ്ട് ദുസഹമായേനെ എന്ന്. ഫേസ്ബുക്, വാട്ട്സ് ആപ്പ്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, സ്‌കൈപ്പ്, എസ്.എം.എസ്, ഇമെയിൽ എന്നിങ്ങനെയുള്ള മാദ്ധ്യമങ്ങളിലൂടെ വാക്കും വാക്യവും നിശ്ചലചിത്രവും വീഡിയോയും എല്ലാം യഥേഷ്ടം അയയ്‌ക്കാം; സ്വീകരിക്കാം. ഗൂഗിൾ മീറ്റ്, സൂം, വെബെക്സ് തുടങ്ങി നിരവധി പ്ലാറ്റ്‌ഫോമുകളിലൂടെ മീറ്റിംഗുകളും പ്രഭാഷണങ്ങളും ചർച്ചകളും ഓൺലൈനായി നടത്താൻ ഇപ്പോൾ പ്രയാസമില്ല. നെറ്റ്ഫ്ളിക്സ് , ആമസോൺ പ്രൈം എന്നീ സ്ട്രീമിംഗ് സൈറ്റുകളിലൂടെ സിനിമകളും സീരിയലുകളും യഥേഷ്ടം കാണാം. ഇതൊന്നുമില്ലാത്ത ഒരു കാലം ഉണ്ടായിരുന്നെന്നും, അമ്പതോ അറുപതോ വർഷങ്ങൾക്ക് മുൻപ് വീട്ടിൽ റേഡിയോ ഉണ്ടെങ്കിൽ അതൊരു വലിയ നേട്ടമായി കണ്ടിരുന്നെന്നും പറഞ്ഞാൽ 'സഹസ്രാബ്ദയുവത്വം' അവിശ്വസനീയതയോടെ ചിരിക്കും. ചിലർ 'really?' എന്ന വ്യാക്ഷേപകശബ്ദത്തോടെ അദ്ഭുതം കൂറും.
വിവേകപൂർവം സമീപിച്ചില്ലെങ്കിൽ ഏതൊരു പുതിയ സാങ്കേതിക വിദ്യയും തിരിഞ്ഞു കൊത്തുന്ന പാമ്പിനെപ്പോലെയാണ്. ഇപ്പോൾ നമ്മൾ ഈ പാമ്പുകൊത്തു കാലത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ചിലപ്പോൾ തോന്നിപ്പോകുന്നു. നല്ല ആശയങ്ങൾ പ്രചരിപ്പിക്കാൻ ഉപയോഗിക്കേണ്ട മാദ്ധ്യമങ്ങളെ സങ്കുചിതവും വിധ്വംസകവുമായ ആശയവ്യാപനത്തിനായി ഉപയോഗിക്കാനാണ് പലർക്കും താത്‌പര്യം. വിജ്ഞാനം ആർജിക്കാൻ ഫലപ്രദമായി ഉപയോഗിക്കാവുന്ന മാദ്ധ്യമങ്ങളെ വിലകുറഞ്ഞ വിനോദോപാധിയായി മാത്രം പലരും കാണുന്നു. വ്യാജവാർത്തകൾ കൊണ്ട് ചിലർ ഈ മാദ്ധ്യമങ്ങളെ മലിനീകരിക്കുന്നു. വിദ്വേഷം കൊണ്ട് കലുഷിതമാക്കുന്നു. നുണകൾ ആവർത്തിച്ചു സത്യമാക്കാം എന്ന സിദ്ധാന്തത്തിന്റെ സാധൂകരണത്തിനായി ഉപയോഗപ്പെടുത്തുന്നു. സ്ത്രീകളെ അപമാനിക്കാനും വ്യക്തികളെ തേജോവധം ചെയ്യാനുമുള്ള നല്ലൊരുപായമായി ഈ മാദ്ധ്യമങ്ങളെ ചിലർ ദുരുപയോഗം ചെയ്യുന്നു. വ്യക്തികളുടെ സ്വകാര്യതയെ മാനിക്കത്തെ, 'ചോദിക്കാനും പറയാനും' ആളില്ലാത്ത ഒരു രാജ്യമെന്ന പോലെയാണ് സൈബറിടങ്ങളെ ചിലർ പരിഗണിക്കുന്നത്. നിയമനടപടികൾ കൊണ്ട് മാത്രം നിയന്ത്രിക്കാൻ സാധിക്കാത്ത വിധം വൈവിദ്ധ്യപൂർണവും സങ്കീർണവും ബഹുലവുമാണ് സൈബർ ലോകത്തു നടക്കുന്ന ആശയ വക്രീകരണങ്ങളും അനാശാസ്യങ്ങളും. സ്വയം നിയന്ത്രണം കൊണ്ട് മാത്രമേ ഈ സ്ഥിതിവിശേഷം മാറുകയുള്ളൂ.
സർക്കാരുകളും നേതാക്കളും രാഷ്ട്രീയപാർട്ടികളും സെലിബ്രിറ്റികളും, കലാപ്രവർത്തകരും എഴുത്തുകാരും പ്രത്യേക മേഖലകളിൽ പ്രവർത്തിക്കുന്ന സന്നദ്ധപ്രസ്ഥാനങ്ങളും സാധാരണക്കാരുമെല്ലാം ഈ മാദ്ധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്നുണ്ട്. ബഹുഭൂരിപക്ഷം ഉപയോക്താക്കൾക്കും ഇവയുടെ വ്യാകരണവും സാധ്യതകളും നന്നായറിയാം. എന്നാൽ ഇപ്പോഴും അതിരുകളും അപകടങ്ങളും മനസിലാക്കാത്ത ഉപയോഗവും വ്യാപകമായി കാണാം. നല്ല ഉദ്ദേശത്തോടെ അയച്ച സന്ദേശങ്ങൾ കുറ്റപ്പെടുത്തുന്ന തെളിവുകളായി തീർന്നിട്ടുള്ള സന്ദർഭങ്ങൾ വിരളമല്ല. എത്രയോ കുറ്റാന്വേഷണങ്ങൾക്ക് തുമ്പ് കൊടുത്തത് മായ്ച്ച് കളഞ്ഞ ചാറ്റുകളാണ്. സൈബർ ലോകത്ത് ഒന്നും അപ്രത്യക്ഷമാകുന്നില്ല. സ്വന്തം മൊബൈലിലോ കമ്പ്യൂട്ടറിലോ നിന്ന് വേണ്ടാത്ത മെസേജുകൾ ഡിലീറ്റ് ചെയ്തു എന്ന ആശ്വാസത്തിന് അടിസ്ഥാനമില്ല. അവ എവിടെയോ ഉണ്ട്. എത്രയും ജാഗ്രതയോടെ മാത്രം സമീപിക്കേണ്ടതാണ് ഇരുതലമൂർച്ചയുള്ള നവമാദ്ധ്യമങ്ങൾ.
അതിർവരമ്പുകളും നിയന്ത്രണങ്ങളും ഇക്കാര്യത്തിൽ സ്വയം രൂപീകരിക്കാവുന്നതാണ്.
ഒന്ന്, സ്വകാര്യ സന്ദേശങ്ങളും ഔദ്യോഗിക സന്ദേശങ്ങളും കൃത്യമായി വേർതിരിക്കുക. സ്വകാര്യ ഉപയോഗത്തിന് ആശ്രയിക്കുന്ന പദങ്ങളോ സ്വരമോ ഔദ്യോഗിക ഉപയോഗത്തിൽ കടന്നു വരുന്നില്ലെന്ന് ഉറപ്പു വരുത്തണം. ഇമോജി, ജിഫ് തുടങ്ങിയവ സ്വകാര്യ സംഭാഷണങ്ങളിൽ മാത്രം ഉപയോഗിക്കുക.
രണ്ട്, ഔദ്യോഗികമായാലും വ്യക്തിപരമായാലും, സന്ദേശങ്ങളും സംഭാഷണങ്ങളും എത്രയും ഹ്രസ്വമാക്കാൻ ശ്രമിക്കുക.
മൂന്ന്, ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും വാട്‌സ് ആപ്പിലും എന്തും പോസ്റ്റ് ചെയ്യാമെങ്കിലും, 'ഇതെന്തിന്?' എന്ന ചോദ്യം സ്വയം ചോദിക്കുന്നത് നന്നായിരിക്കും. ഓരോ ദിവസവും പത്തൻപതു സ്വന്തം ഫോട്ടോകൾ പോസ്റ്റ് ചെയ്യുന്നവരെ എനിക്കറിയാം. ഫോട്ടോകളുടെ എണ്ണം പെരുകുമ്പോൾ അവ കാണാനുള്ള കൗതുകം കുറയുമെന്ന മനുഷ്യസ്വഭാവത്തിന്റെ പ്രത്യേകത മനസിലാക്കിയാൽ നിർബന്ധബുദ്ധിയോടെയുള്ള ഈ നിത്യപ്രദർശനം ഒഴിവാക്കാം.
നാല്, സ്ത്രീകളോടുള്ള ആശയവിനിമയത്തിൽ ശ്രദ്ധയും മാന്യതയും പുലർത്താൻ പുരുഷന്മാർ ശ്രദ്ധിക്കേണ്ടത് അത്യന്താപേക്ഷിതം. പണ്ട് പഠിച്ച ഫലിതങ്ങളൊക്കെ മറന്നുകളയാൻ സമയമായി. സ്ത്രീകളോട് തുല്യതയോടെയും മാന്യതയോടെയും പെരുമാറാൻ സ്വയം പരിശീലിക്കുന്നത് നല്ലത്.
അഞ്ച്, അപരിചിതരിൽ നിന്ന് വരുന്ന സന്ദേശങ്ങൾക്ക് മറുപടി കൊടുക്കുന്നതും സംഭാഷണത്തിൽ ഏർപ്പെടുന്നതും തികഞ്ഞ ജാഗ്രതയോടെയാവണം. കാരണം ഈ മാദ്ധ്യമങ്ങളിൽ ആർക്കും എന്ത് പേരിലും എന്ത് രൂപത്തിലും പ്രവേശിച്ച് എന്തും കാണിച്ചു കടന്നുകളയാൻ സാധിക്കും. ഫിലിപ്പീൻസിൽ നിന്നുള്ള പുതിയ പ്രണയസന്ദേശം അപ്പുറത്തെ ഫ്ളാറ്റിൽ നിന്നായിരിക്കാം.
ആറ് എല്ലാ സന്ദേശങ്ങളും വായിച്ചുകൊള്ളണമെന്നു നിർബന്ധമില്ല. .എന്ത് വായിക്കണമെന്നും എന്ത് അവഗണിക്കണമെന്നും തീരുമാനിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഒരിക്കലും ഉപേക്ഷിക്കാതിരിക്കുക.
ഏഴ്, സൈബർലോകത്തിന്റെ സ്വകാര്യതയിലും പ്രച്ഛന്നതയിലും വിശ്വസിച്ച് നിയമവിരുദ്ധമായ ഒന്നും ചെയ്യാതിരിക്കുക.
ഈ ഏഴ് ജാഗ്രതകൾ പാലിച്ചാൽ വലിയ പരിക്കുകളില്ലാതെ ജീവിക്കാൻ സാധിച്ചേക്കും. അല്ലെങ്കിൽ ഏൽക്കുന്ന പരിക്ക് അവിശ്വസനീയമാം വിധം ഭീകരമായിരിക്കും. ആത്മരക്ഷയ്ക്കു ആത്മനിയന്ത്രണം; അതായിരിക്കട്ടെ സൈബർ ലോകത്ത് സുരക്ഷിതമായി ജീവിക്കാനുള്ള വിശ്വാസപ്രമാണം. കൃത്യമായ അളവിൽ അവ ഔഷധം, അളവ് തെറ്റിയാൽ വിഷം.