
തിരുവനന്തപുരം: ദീർഘനാളായി അവഗണനയുടെ കയ്‌പുനീർ കുടിക്കുന്ന തിരുവല്ലത്തെ ചിത്രാഞ്ജലി സ്‌റ്റുഡിയോ അത്യാധുനിക സൗകര്യങ്ങളോടെ സിനിമാ പ്രവർത്തകർക്ക് മുന്നിൽ എത്താൻ തയ്യാറെടുക്കുന്നു. സ്റ്റുഡിയോയുടെ നവീകരണത്തിന്റെ ഉദ്ഘാടനം ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. ചിത്രാഞ്ജലി സ്റ്റുഡിയോയുടെ വികസനത്തിന് 66.8 കോടി രൂപയുടെ പദ്ധതിയാണ് നഗരസഭ തയ്യാറാക്കിയിരിക്കുന്നത്. ഏഴ് മാസത്തിനകം നിർമ്മാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. കിഫ്‌ബിയിൽ ഉൾപ്പെടുത്തിയാണ് നവീകരണ പദ്ധതി നടപ്പാക്കുന്നത്.
സൗകര്യങ്ങൾ വർദ്ധിപ്പിക്കും
മലയാള സിനിമയുടെ കേന്ദ്രമായ ചിത്രാഞ്ജലി സ്‌റ്റുഡിയോ 80 ഏക്കറിലാണ് സ്ഥിതി ചെയ്യുന്നത്. എന്നാൽ ഇതിന്റെ പകുതി പോലും ഇപ്പോൾ സിനിമയ്ക്കായി പ്രയോജനപ്പെടുത്തുന്നില്ല. ആധുനിക സൗകര്യങ്ങളുടെ അപര്യാപ്തതയും സാങ്കേതികവിദ്യയുടെ പരിമിതികളുമാണ് ചിത്രാഞ്ജലിയെ കൈയൊഴിയാൻ സിനിമാപ്രവർത്തകരെ നിർബന്ധിതരാക്കിയത്. ഈ നവീകരണ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ സിനിമയുടെ ഷൂട്ടിംഗ്, പോസ്റ്റ് പ്രൊഡക്ഷൻ തുടങ്ങി എല്ലാത്തിനും സജ്ജീകരണങ്ങളുണ്ടാകും. ചിത്രാഞ്ജലി പാക്കേജ് കൂടിയാകുമ്പോൾ പുതുതലമുറ സിനിമാക്കാർ കൂടുതലായി ഇവിടേക്കെത്തുമെന്നാണ് ചലച്ചിത്രവികസന കോർപ്പറേഷന്റെ പ്രതീക്ഷ.
വരും ഇവയൊക്കെ
ഷൂട്ടിംഗിനുള്ള ഉപകരണങ്ങൾ, കാമറകൾ, ലൈറ്റുകൾ എന്നിവ കൂടാതെ ചിത്രാഞ്ജലിയിലെ സൗകര്യങ്ങളും ഉയർത്തും. പുതിയ കെട്ടിടങ്ങളുടെ നിർമ്മാണവും അതിനൊപ്പം ഉള്ളവയുടെ നവീകരണങ്ങളും നടക്കും. നിലവിൽ സ‌്റ്റുഡിയോയിൽ രണ്ട് ഷൂട്ടിംഗ് ഫ്ളോറുകളാണുള്ളത്. ഒരു ഡി.ഐ സംവിധാനം (ചലന ചിത്രങ്ങളുടെ ഡിജിറ്റൽവത്കരണം) എന്നിവയാണുള്ളത്. നിലവിൽ ഓരോ എഡിറ്റിംഗ്, ഡബ്ബിംഗ് സ്യൂട്ടുകളാണുള്ളത്. ഇത് മൂന്നെണ്ണമാക്കും. മലയാള സിനിമ സാങ്കേതികമായും പ്രമേയപരമായും ഏറെ മുന്നേറിയിട്ടും നിർമ്മാണപ്രക്രിയയുടെ ഏറിയ ഭാഗവും കേരളത്തിനു പുറത്തായിരുന്നു. ചിത്രാഞ്ജലി നവീകരിക്കപ്പെടുന്നതോടെ ഇവയെല്ലാം ഇവിടെത്തന്നെ നടത്താനാകും.
റെയിൽവേ സ്റ്റേഷനും തറവാടും
ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയോളം വരില്ലെങ്കിലും മികച്ച ഷൂട്ടിംഗ് ഫ്ളോറുകളും സെറ്റുകളുമൊക്കെ ചിത്രാഞ്ജലിയിലും ഉണ്ടാകും. സാങ്കേതിക നവീകരണവും നിലവാരമുയർത്തലുമാണ് ആദ്യഘട്ടം നടക്കുക. 80 ഏക്കറിൽ റെയിൽവേ സ്റ്റേഷൻ, അമ്പലങ്ങൾ, വീടുകൾ, പരമ്പരാഗത തറവാടുകൾ, ആവി എൻജിൻ, ട്രെയിൻ ബോഗികൾ, ആധുനിക കാമറകൾ, ലൈറ്റുകൾ, ഡോൾബി അറ്റ്‌മോസ്, മിക്‌സ് തിയറ്റർ, വെബ് ബ്രോഡ്കാസ്റ്റ്, ഒ.ടി.ടി സിനിമാ പ്ലാറ്റ്‌ഫോമുകൾക്ക് അനുയോജ്യമായ മീഡിയ പോസ്റ്റ് സംവിധാനം തുടങ്ങീ ഒരു സിനിമയ്ക്കു വേണ്ട എല്ലാ സെറ്റുകളും നിർമ്മിക്കും. പുത്തൻ സിനിമാ അഭിരുചികൾക്ക് അനുസരിച്ചുള്ള ഷൂട്ടിംഗ് ഫ്ളോറുകളും ഒരുക്കും. കളറിംഗ്, എഡിറ്റിംഗ് തുടങ്ങി പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്കുള്ള സൗകര്യങ്ങൾ വർദ്ധിപ്പിക്കും. ചിത്രാഞ്ജലിയിലെ ആധുനിക കാമറകൾ അടക്കമുള്ള ഷൂട്ടിംഗ് ഉപകരണങ്ങൾ സിനിമാചിത്രീകരണത്തിന് വാടകയ്ക്കും നൽകും.
ഒരു യൂണിറ്റ് കൂടി
രണ്ടാം ഘട്ടത്തിൽ കൊച്ചിയിലെ കടവന്ത്രയിൽ ചിത്രാഞ്ജലിയുടെ മറ്റൊരു യൂണിറ്റും ആരംഭിക്കാൻ സർക്കാരിന് പദ്ധതിയുണ്ട്. ഭൂമി പാട്ടത്തിനെടുത്തു കൊണ്ടുള്ള ഈ പദ്ധതിക്കും സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഇവിടെയും ഷൂട്ടിംഗ് ഫ്ളോറുകളും സെറ്റും ഉപകരണങ്ങളുമെല്ലാം സജ്ജമാക്കും. സിനിമാ വിദ്യാർത്ഥികൾക്ക് പഠനത്തിനുള്ള സൗകര്യങ്ങളും കൊച്ചിയിലെ കേന്ദ്രത്തിൽ ഒരുക്കും.