
തിരുവനന്തപുരം: ബ്രിട്ടനിൽ കണ്ടെത്തിയ ജനിതക മാറ്റം വന്ന വൈറസ് സംസ്ഥാനത്ത് ആദ്യമായി സമ്പർക്കത്തിലൂടെ ഒരാൾക്ക് ബാധിച്ചതായി കണ്ടെത്തി. കോഴിക്കോടുകാരായ 72 കാരനാണ് ഈ വൈറസ് സമ്പർക്കത്തിലൂടെ ബാധിച്ചത്. സംസ്ഥാനത്ത് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 11 ആയി. മറ്റു 10 പേരും യുകെയിൽ നിന്ന് വന്നവരാണ്.
കേരളത്തിൽ ഇപ്പോഴും കൊവിഡ് ശമനമില്ലാതെ തുടരുകയാണ്. സംസ്ഥാനത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച 4034 പേരിൽ 3674 പേർക്കും വൈറസ് ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്. 258 പേരുടെ സമ്പർക്ക ഉറവിടം കണ്ടെത്താനായില്ല. സംസ്ഥാനത്തിനു പുറത്തു നിന്നു വന്ന 81 പേരും 21 ആരോഗ്യ പ്രവർത്തകരും കൊവിഡ് പോസിറ്റീവായി. 69,604 സാംപിളുകൾ പരിശോധിച്ചപ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.80ശതമാനമാണ്. ചികിത്സയിലായിരുന്ന 4823 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയി. ഇന്നലെ 14 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണം 4119 ആയി