covid

ന്യൂഡൽഹി: കൊവിഡ് സൃഷ്‌ടിച്ച പ്രതിസന്ധികൾക്കിടെ ഇന്ത്യയിലേക്കുളള പുതിയ യാത്രാനിബന്ധനകൾ പ്രവാസികൾക്ക് തലവേദനയാകുന്നു. യു എ ഇയിൽ നിന്ന് നാട്ടിലേക്ക് പുറപ്പെടുമ്പോൾ 72 മണിക്കൂറിനകമുളള ആർ ടി പി സി ആർ നെഗറ്റീവ് ഫലം കൈയിലുണ്ടായിരിക്കണം എന്നതാണ് പുതിയ ചട്ടം. ഇതുപ്രകാരം യു എ ഇയിൽ 150 ദർഹം (ഏകദേശം 3000 രൂപ) നൽകി കൊവിഡ് പരിശോധന നടത്തേണ്ടി വരും.

നാട്ടിലെത്തിയാൽ വിമാനത്താവളത്തിൽ തന്നെ 1800 വരെ രൂപ ചെലവിട്ട് വീണ്ടും പരിശോധന നടത്തണം. 72 മണിക്കൂറിനുളളിലുളള ആർ ടി പി സി ആർ നെഗറ്റീവ് ഫലം കൈയിലുളളവർക്ക് വന്നിറങ്ങുമ്പോൾ തന്നെ വീണ്ടും പരിശോധന നടത്തണമെന്ന് ചുരുക്കം. പിന്നീട് ഏഴുദിവസത്തെ ക്വാറന്റീൻ കഴിഞ്ഞ് വീണ്ടും കൊവിഡ് പരിശോധന നടത്തണം. അധികദിവസം നാട്ടിൽ നിൽക്കുന്ന ഒരു പ്രവാസിയെ സംബന്ധിച്ച് തിരിച്ചുകയറുമ്പോൾ നാലാമതും പരിശോധന നടത്തേണ്ടിവരുന്നു. ചുരുക്കത്തിൽ നാലോ അഞ്ചോ പേരടങ്ങുന്ന ഒരു ഇടത്തരം കുടുംബം ഇപ്പോൾ നാട്ടിലേക്ക് പോയാലുണ്ടാകുന്ന ആർ ടി പി സി ആർ ടെസ്റ്റിന് വേണ്ട ചെലവിന് തന്നെ വലിയൊരു തുക വേണ്ടി വരും.

എയർ സുവിധ ആപ്പിൽ പുറപ്പെടുന്നതിനുമുമ്പ് രേഖകൾ അപ്‌ലോഡ് ചെയ്യാൻ കാലതാമസം നേരിടുന്നതായും പരാതിയുണ്ട്. ഇതുവരെ യു എ ഇയിൽ നിന്ന് നാട്ടിലേക്ക് പോകുന്നതിന് കൊവിഡ് പരിശോധന ആവശ്യമുണ്ടായിരുന്നില്ല. നാട്ടിൽ ചെന്ന് ക്വാറന്റീൻ കഴിഞ്ഞശേഷമാണ് പരിശോധന നടത്തിയിരുന്നത്. കൊവിഡ് നെഗറ്റീവ് റിപ്പോർട്ടുളളവർക്ക് ക്വാറന്റീൻ ഒഴിവാക്കണമെന്നത് പ്രവാസികൾ ഏറെക്കാലമായി ആവശ്യപ്പെടുന്ന കാര്യമാണ്.