
ന്യൂഡൽഹി: നിയന്ത്രണങ്ങൾ കാര്യക്ഷമമല്ലാത്തതിനാൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും കേന്ദ്രം ഉന്നതതല സംഘത്തെ അയക്കാനൊരുങ്ങുന്നു. ആരോഗ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി തലത്തിൽ ഓഫീസർമാരുളള മൂന്ന് മൾട്ടി ഡിസിപ്ളിനറി ടീമാണ് വിവിധ സംസ്ഥാനങ്ങൾ സന്ദർശിക്കുക. കേന്ദ്ര ആരോഗ്യമന്ത്രാലയ നിർദ്ദേശപ്രകാരമാണ് സംഘത്തിന്റെ സന്ദർശനം.
മഹാരാഷ്‌ട്ര, കേരളം, കർണാടകം, തമിഴ്‌നാട്,ഛത്തീസ്‌ഗഡ്, പഞ്ചാബ്, ഗുജറാത്ത്, മദ്ധ്യപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കാശ്‌മീരിലുമാണ് സംഘമെത്തുക. ഓരോ സംസ്ഥാനങ്ങളിലും കൊവിഡ് വർദ്ധിക്കാനിടയുളള സാഹചര്യങ്ങൾ അന്വേഷിക്കുന്ന സംഘം ബ്രേക്ക് ദ ചെയിൻ നടപടികൾ അതാത് സംസ്ഥാനത്തെ ആരോഗ്യപ്രവർത്തകരെ ഏകോപിപ്പിച്ച് നടപ്പാക്കും.
പ്രതിദിന രോഗവർദ്ധനവ് കൂടിവരുന്ന കേരളം, മഹാരാഷ്‌ട്ര, ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ്, ജമ്മു കാശ്‌മീർ. ഗുജറാത്ത് എന്നിവിടങ്ങളിൽ ആർ ടി പിസിആർ ടെസ്‌റ്റ് അനുപാതം വർദ്ധിപ്പിക്കാൻ നിർദ്ദേശം നൽകി ഈ സംസ്ഥാനങ്ങൾക്ക് കേന്ദ്രം കത്തയച്ചു. കൊവിഡ് കേസുകൾ വർദ്ധിച്ചുവരുന്ന ജില്ലകളിൽ നിരന്തരം സ്ഥിതിഗതികൾ അവലോകനം ചെയ്യണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഘം അതാത് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരെ സന്ദർശിച്ച് ചർച്ച നടത്തും.
കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ജില്ലകളിൽ ആന്റിജൻ, ആർടി-പിസിആർ പരിശോധനകൾ കർശനമായി നടത്തണമെന്നും രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കമുളളവരെ കണ്ടെത്താനും ജാഗ്രത വേണമെന്നും സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ പറയുന്നു. രാജ്യത്തെ കൊവിഡ് കേസുകൾ 1,10,30,176 ആയി. 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 13,742 പേർക്കാണ്. 1,07,26,702 പേർ രോഗമുക്തി നേടി. 1,56,567 പേർ മരണമടഞ്ഞു. ഇതിൽ കഴിഞ്ഞ 24 മണിക്കൂറിൽ 104 പേർ മരിച്ചു. ഇവരിൽ 51 പേർ മഹാരാഷ്‌ട്രയിലും 14 പേർ കേരളത്തിലും പഞ്ചാബിൽ 10 പേരുമാണ്.