
ടൈഗർ വുഡ്സ് സുഖം പ്രാപിക്കുന്നു
ലോസ് ഏഞ്ചൽസ്: കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇതിഹാസ ഗോൾഫ് താരം ടൈഗർ വുഡ്സ് ശസ്ത്രക്രിയകൾക്ക് ശേഷം സുഖംപ്രപിക്കുന്നു. ചൊവ്വാഴ്ച അമേരിക്കൻ സമയം രാവിലെ 7ന് റോളിംഗ് ഹിൽസ് എസ്റ്റേറ്റ്സിന്റെയും റാഞ്ചോസ് പാലോസ് വെർഡെസിന്റെയും അതിർത്തിയിലാണ് അപകടമുണ്ടായത്. വുഡ്സ് ഓടിക്കുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡിൽ നിന്ന് തെന്നി കൊക്കയിലേക്ക് മറിയുകയായിരുന്നു. വുഡ്സിന്റെ ഇരുകാലുകൾക്കും ഗുരുതരമായി പരിക്കേറ്റു. അപകടത്തിൽപ്പെട്ട് കാറിൽ കുടുങ്ങിപ്പോയ ടൈഗർ വുഡ്സിനെ ആദ്യം കണ്ടപ്പോൾ അതീവ ഗുരുതരാവസ്ഥയിൽ ആയിരുന്നുവെന്നും ജീവൻ നഷ്ടപ്പെടാതിരുന്നത് ഭാഗ്യം കൊണ്ടാണെന്നും രക്ഷാപ്രവർത്തനം നടത്തിയ പൊലീസുകാർ പറഞ്ഞു. വുഡ്സ് മദ്യമോ മയക്കുമരുന്നോ ഒന്നും ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.