
ന്യൂഡൽഹി∙ ലോക്സഭയിൽ എൻ ഡി എയ്ക്ക് മൃഗീയ ഭൂരിപക്ഷമുണ്ടെങ്കിലും രാജ്യസഭയിൽ അങ്ങനെയായിരുന്നില്ല സ്ഥിതി. ഇത് പലപ്പോഴും സർക്കാരിനെ വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു. ഏറെ പണിപ്പെട്ടാണ് ബില്ലുകളും മറ്റും രാജ്യസഭയിൽ പാസാക്കിയെടുത്തത്. പക്ഷേ, ഇനി അതെല്ലാം പഴങ്കഥയാവുന്നു. ഗുജറാത്തിൽ മാർച്ച് ഒന്നിന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ രണ്ട് സ്ഥാനാർഥികളും അസമിൽനിന്ന് ഒരാളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്നതോടെ രാജ്യസഭയിലും എൻഡിഎ ഭൂരിപക്ഷത്തിന് തൊട്ടടുത്തെത്തും.
ഈ മൂന്ന് സീറ്റുകൾ കൂടി ലഭിക്കുന്നതോടെ രാജ്യസഭയിൽ ബി ജെ പിയുടെ അംഗസംഖ്യ 95 ആകും. ഗുലാംനബി ആസാദ് കൂടി പോയതോടെ കോൺഗ്രസ് 36ലേക്ക് ഒതുങ്ങും. അണ്ണാ ഡിഎംകെ 9, ജെഡിയു 5, മറ്റു ചെറിയ ഘടകകക്ഷികൾക്കെല്ലാം കൂടി 7 എന്നിങ്ങനെയാണു രാജ്യസഭയിലെ എൻഡിഎ കക്ഷിനില. ആകെ 116 സീറ്റുകളാവും എൻഡിഎയ്ക്കുണ്ടാവുക. കാശ്മീരിൽനിന്നുള്ള 4 അംഗങ്ങൾ പോയതോടെ നിലവിൽ 238 അംഗങ്ങളുള്ള രാജ്യസഭയിൽ ഭൂരിപക്ഷത്തിന് എൻ ഡി എക്കു നാല് സീറ്റുകൾ കൂടി മതിയാകും. ബിജു ജനതാദൾ, വൈ എസ് ആർ കോൺഗ്രസ്, ടി ആർ എസ് എന്നീ കക്ഷികളുടെ 22 അംഗങ്ങൾ മിക്കവിഷയങ്ങളിലും കേന്ദ്ര സർക്കാരിനു പിന്തുണ കൊടുക്കുന്നതാണു പതിവ്. ഇതോടെ 138 പേരുടെ പിന്തുണ സർക്കാരിനു ലഭിക്കും.
ഗുജറാത്തിൽ 2 സീറ്റുകളിലേക്കും ഒരുമിച്ചു തിരഞ്ഞെടുപ്പു നടത്താതെ രണ്ടായി നടത്താൻ തിരഞ്ഞെടുപ്പു കമ്മിഷൻ തീരുമാനിച്ചതാണ് കോൺഗ്രസിനു കിട്ടാവുന്ന ഒരു സീറ്റു നഷ്ടപ്പെടുത്തിയത്. കമ്മിഷൻ തീരുമാനത്തിനെതിരെ നിയമനടപടി സ്വീകരിക്കാനുളള ഒരുക്കത്തിലാണ് സംസ്ഥാന കോൺഗ്രസ്.