minister-of-loneliness

ടോക്കിയോ: രാജ്യത്തെ ആത്മഹത്യാനിരക്ക് കുറയ്ക്കാനും പൗരന്മാരെ സന്തുഷ്ടരാക്കാനും ഏകാന്തത മന്ത്രിയെ നിയമിച്ച് ജപ്പാൻ.മിനിസ്റ്റർ ഒഫ് ലോൺലിനെസായി ടെറ്റ്‌സുഷി സാകാമോട്ടോയെ ആണ് ജപ്പാൻ പ്രധാനമന്ത്രി യോഷിഹിഡെ സുഗ നിയമിച്ചിരിക്കുന്നത്.

കൊവിഡ് കാലത്ത് രാജ്യത്ത് ആത്മഹത്യാനിരക്കിലുണ്ടായ വർദ്ധനവ് കണക്കിലെടുത്താണ് പുതിയ മന്ത്രിയെ നിയമിച്ചിരിക്കുന്നത്. പതിനൊന്ന് വർഷത്തിനിടെ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൊവിഡ് കാലത്ത് ജപ്പാനിൽ വർദ്ധിച്ചെന്നാണ് റിപ്പോർട്ടുകൾ.

2018 ൽ ബ്രിട്ടനാണ് ലോകത്താദ്യമായി ഇത്തരത്തിലൊരു മന്ത്രിയെ നിയമിച്ചത്. ദുഃഖത്തിലും ഏകാന്തതയിലും കഴിയുന്നവരുടെയും വളരെക്കാലമായി സമൂഹവുമായി ഇടപഴകാതിരിക്കുന്നവരുടെയും പ്രശ്‌നം പരിഹരിക്കുക എന്നതാണ് ടെറ്റ്‌സുഷിയുടെ ചുമതല. ജപ്പാനിൽ ജനനനിരക്കിലുണ്ടായ കുറവ് പരിഹരിക്കാനുള്ള വകുപ്പും പ്രാദേശിക സമ്പദ്ഘടനകളുടെ പുനരുജ്ജീവനവും കൈകാര്യവും ചെയ്യുന്നത് അദ്ദേഹമാണ്.

കൂടാതെ, സ്ത്രീകളുടെ ആത്മഹത്യാനിരക്കിന് പ്രത്യേക ഊന്നൽ നൽകി വിഷയത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാനും സാമൂഹിക ഏകാന്തത ഒഴിവാക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യാനും പ്രധാനമന്ത്രി ചുമതലപ്പെടുത്തിയതായി സാകാമോട്ടോ അറിയിച്ചു.