
മോസ്കോ: സ്പുട്നിക്, എപിവാക് കൊറോണ എന്നിവയ്ക്ക് ശേഷം, മൂന്നാമതൊരു വാക്സിൻ കൂടി തദ്ദേശീയമായി വികസിപ്പിച്ച് റഷ്യ. കൊവിവാക് എന്ന വാക്സിന് റഷ്യ അടിയന്തര അനുമതി നൽകിക്കഴിഞ്ഞു. ചുമക്കോവ് സെന്റർ വികസിപ്പിച്ചെടുത്ത കൊവിവാക്കിന് ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാക്കുന്നതിന് മുമ്പാണ് അനുമതി നൽകിയത്. നേരത്തെ വികസിപ്പിച്ച മറ്റ് വാക്സിനുകളും പരീക്ഷണഘട്ടങ്ങൾ പൂർണമായി പൂർത്തിയാക്കിരുന്നില്ല. നിലവിൽ തദ്ദേശീയമായി വികസിപ്പിച്ച മൂന്ന് വാക്സിനുകളുള്ള ഏകരാജ്യം റഷ്യയാണെന്ന് പ്രധാനമന്ത്രി മിഖായേൽ മിഷുസ്റ്റിൻ അവകാശപ്പെട്ടു. മോസ്കോയിലെ ഗമേലയാ ഇൻസ്റ്റിറ്റ്യട്ട് വികസിപ്പിച്ചെടുത്ത സ്പുട്നിക് ആയിരുന്നു റഷ്യയുടെ ആദ്യ വാക്സിൻ. എന്നാൽ, അവസാനഘട്ട പരീക്ഷണങ്ങൾ പൂർത്തിയാകാത്തത് മൂലം റഷ്യ വിവാദത്തിൽപ്പെട്ടിരുന്നു. നിലവിൽ സ്പുട്നികിന്റെ പരീക്ഷണം പൂർത്തിയായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. പ്രാരംഭഘട്ട ട്രയലുകളിൽ സ്പുട്നിക് 91.4 ശതമാനം ഫലപ്രാപ്തി കാണിച്ചിരുന്നു. ഇന്ത്യയിലടക്കം വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണം പുരോഗമിക്കുകയാണ്.
2020 ഡിസംബർ മുതൽ റഷ്യ വൻ തോതിൽ വാക്സിൻ വിതരണം ആരംഭിച്ചിരുന്നു. ഇതുവരെ രണ്ട് ദശലക്ഷം പേർ വാക്സിൻ എടുത്തതായാണ് വിവരം. വെക്ടർ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത എപിവാക് കൊറോണയുടെ വാക്സിനേഷൻ പ്രക്രിയയും ആരംഭിച്ചിട്ടുണ്ട്.