oommen-chandy

കോട്ടയം: സ്ഥാനാർത്ഥി നിർണയത്തിന് മുമ്പേ ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ 'അതിവേഗം ബഹുദൂരം' ആദ്യ റൗണ്ട് തിരഞ്ഞെടുപ്പ് പ്രചാരണം പൂർത്തിയാക്കി. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്കായി സംസ്ഥാനം മുഴുവൻ പാഞ്ഞു നടക്കേണ്ടതിനാൽ നേരത്തേ പ്രചാരണം തുടങ്ങുകയായിരുന്നു. മണ്ഡലത്തിലുടനീളം ഉമ്മൻചാണ്ടി സന്ദർശിച്ചു. മിക്ക വോട്ടർമാരുടേയും പേരെടുത്തു പറയാൻ കഴിയുന്നത്ര അടുപ്പമാണ് കുഞ്ഞൂഞ്ഞിന്.

നിയസഭാ സാമാജികത്വത്തിന്റെ സുവർണ ജൂബിലിയുടെ ഭാഗമായി "സുകൃതം സുവർണം" എന്ന പേരിൽ പുതുപ്പള്ളി മണ്ഡലത്തിൽ കുടുംബ യോഗങ്ങൾ സംഘടിപ്പിക്കുകയാണ്.

വാകത്താനം പഞ്ചായത്തിലെ നാല് കുടുംബ യോഗങ്ങളിൽ ഉമ്മൻചാണ്ടി സംബന്ധിച്ചു. കെ.സി. ജോസഫ് , തിരുവഞ്ചൂർ രാധാകൃഷ്ണൻ അടക്കം കോൺഗ്രസിലെ പ്രമുഖ നേതാക്കളും പങ്കെടുത്തു. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയാകുമെന്ന പ്രതീക്ഷയിലാണ് പുതുപ്പള്ളിക്കാർ. എന്നാൽ, തദ്ദേശ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിലെ എട്ടിൽ ആറ് പഞ്ചായത്തിലും യു.ഡി.എഫിനെ ഞെട്ടിച്ചു ജയിച്ചതിലാണ് ഇടതു മുന്നണിക്ക് പ്രതീക്ഷ.