
റിയാദ്: സൗദി മാദ്ധ്യമപ്രവർത്തകനായിരുന്ന ജമാൽ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് യു.എസ് രഹസ്യാന്വേഷണ വിഭാഗം തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് ഉടൻ പുറത്തിവിടുമെന്ന് റിപ്പോർട്ടുകൾ. സൽമാന്‍ രാജാവിന്റെ മകനെ' പ്രതിക്കൂട്ടിലാക്കുന്ന റിപ്പോർട്ട് അമേരിക്ക ഉടൻ പുറത്തുവിടുമെന്ന് അൽ ജസീറയാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം, റിപ്പോർട്ട് പുറത്തുവരുന്നതിന് മുൻപ് സൗദി ഭരണാധികാരി സൽമാൻ രാജാവും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും തമ്മിൽ ഫോൺ സംഭാഷണം നടത്തുമെന്നാണ് വിവരം. ഇരു നേതാക്കളും തമ്മിലുള്ള ആദ്യത്തെ ഔദ്യോഗിക ആശയവിനിമയമായി ഇത് മാറും.
അധികാരത്തിലേറിയ ശേഷം ബൈഡൻ ഇതുവരെ സൗദി ഭരണാധികാരികളുമായി സംസാരിച്ചിട്ടില്ല. കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാനുമായി ബൈഡൻ ആശയവിനിമയം നടത്തില്ലെന്നും ഭരണത്തലവനായ സൽമാൻ രാജാവുമായി മാത്രമേ ഔദ്യോഗിക ചർച്ചകൾ നടത്തൂവെന്നും വൈറ്റ് ഹൗസ് വക്താവ് നേരത്തേ അറിയിച്ചിരുന്നു.
സൽമാൻ രാജകുമാരൻ പ്രതിക്കൂട്ടിൽ
ഖഷോഗി വധവുമായി ബന്ധപ്പെട്ട് അമേരിക്കയിലെ ഡയറക്ടർ ഒഫ് നാഷനൽ ഇന്റലിജൻസ് തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ടിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് പങ്കുണ്ടെന്ന് സൂചിപ്പിക്കുന്നുണ്ടെന്നാണ് വിവരം.
സി.ഐ.എ നടത്തിയ അന്വേഷണത്തിൽ സൽമാന് പങ്കുണ്ടെന്ന് കണ്ടെത്തിയതായി അമേരിക്കൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, സൗദി ഭരണാധികാരിയെന്ന നിലയിൽ മാത്രമാണ് സംഭവത്തിൽ തനിക്കുള്ള ഉത്തരവാദിത്വമെന്നാണ് സൽമാന്റെ വിശദീകരണം.
2019 ഡിസംബറിൽ ഖഷോഗി വധവുമായി ബന്ധപ്പെട്ട രഹസ്യ റിപ്പോർട്ട് 30 ദിവസത്തിനുള്ളിൽ പുറത്തുവിടണമെന്ന് ഡയറക്ടർ ഒഫ് നാഷണൽ ഇന്റലിജന്റ്സിന് നിർദ്ദേശം നൽകുന്ന നിയമം അമേരിക്കൻ കോൺഗ്രസ് പാസ്സാക്കിയിരുന്നെങ്കിലും ഇത് അംഗീകരിക്കാൻ അന്നത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിസമ്മതിച്ചു. സൗദി കിരീടാവകാശിയുമായി ട്രംപിനുണ്ടായിരുന്ന വ്യക്തി ബന്ധത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.
എന്നാൽ,റിപ്പോർട്ട് പുറത്തുവിട്ടാൽ നാഷണൽ ഇന്റലിജന്റ്സ് വിഭാഗത്തിന്റെ സ്രോതസ്സുകൾ, അന്വേഷണ രീതികൾ എന്നിവ എന്തൊക്കെയാണെന്നുമുള്ള വിവരങ്ങൾ പുറത്താവുമെന്ന കാരണമായിരുന്നു ആവശ്യം നിരാകരിക്കാൻ കാരണമായി പറഞ്ഞത്. അതേസമയം, രഹസ്യ റിപ്പോർട്ട് പുറത്തുവിടുമെന്ന് ബൈഡന്റെ നാഷണൽ ഇന്റലിജന്റ്സ് ഡയറക്ടർ അവ്രിൽ ഹെയ്നസ് ഡയറക്ടർ നേരത്തേ വ്യക്തമാക്കിയിരുന്നു.
2018 ഒക്ടോബറിൽ ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽവച്ചായിരുന്നു ഖഷോഗി കൊല്ലപ്പെട്ടത്. വിവാഹവുമായി ബന്ധപ്പെട്ട ഒരു രേഖ ലഭിക്കുന്നതിനായായിരുന്നു അദ്ദേഹം കോൺസുലേറ്റിൽ എത്തിയത്