samvaram

തിരുവനന്തപുരം: കെ.എ.എസിന്റെ (കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്) മൂന്ന് സ്ട്രീമിലെ

നിയമനങ്ങളിലും സംവരണം ഏർപ്പെടുത്താനുള്ള സർക്കാർ ഉത്തരവിനെതിരായ സുപ്രീം കോടതിയിലെ ഹർജിയിൽ എതിർ സത്യവാങ്മൂലം ഉടൻ സമർപ്പിക്കാൻ സർക്കാർ ഇന്നലെ നിർദ്ദേശം നൽകി. ഇത് സംബന്ധിച്ച കേരളകൗമുദി റിപ്പോർട്ടിലാണ് നടപടി.

സംവരണത്തിനെതിരെ എൻ.എസ്.എസിന് വേണ്ടി നൽകിയ ഹർജിയിൽ സുപ്രീം കോടതി രണ്ട്

മാസത്തെ സമയം നൽകിയിട്ടും സർക്കാർ എതിർ സത്യവാങ്മൂലം സമർപ്പിച്ചിരുന്നില്ല. ഇത് സംവരണം അട്ടിമറിക്കാനുള്ള മേലാള ലോബിയുടെ ഗൂഢനീക്കമാണെന്ന കഴിഞ്ഞ ദിവസത്തെ കേരളകൗമുദി റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് നിയമ, പിന്നാക്ക -പട്ടിക വിഭാഗക്ഷേമ മന്ത്രി എ.കെ.ബാലന്റെ ഓഫീസ് എറണാകുളത്തെ അഡ്വക്കേറ്റ് ജനറൽ ഓഫീസുമായി ബന്ധപ്പെടുകയും, അടിയന്തര നടപടിക്ക് നിർദ്ദേശിക്കുകയുമായിരുന്നുവെന്ന്

അറിയുന്നു. മൂന്നാഴ്ചയ്ക്കകം എതിർ സത്യവാങ്മൂലം നൽകാനാണ് കഴിഞ്ഞ 16ന് സുപ്രീം കോടതി സർക്കാരിന് നൽകിയ നിർദ്ദേശം .

ഇനിയും വീഴ്ച പാടില്ലെന്ന് പട്ടിക വിഭാഗ കമ്മിഷൻ

കെ.എ.എസ് സംവരണത്തിനെതിരായ ഹർജിയിൽ എതിർ സത്യവാങ്മൂലം ഉടൻ സമർപ്പിക്കാൻ സംസ്ഥാന പട്ടികജാതി-പട്ടികവർഗകമ്മിഷൻ ചെയർമാൻ ബി.എസ്. മാവോജി സർക്കാരിനോട് നിർദ്ദേശിച്ചു.

ഇത് സംബന്ധിച്ച അടിയന്തര സന്ദേശം കേരളകൗമുദി റിപ്പോർട്ടിന്റെ പകർപ്പ് സഹിതം ബി.എസ്. മാവോജി മന്ത്രി എ.കെ. ബാലനയച്ചു. ബന്ധപ്പെട്ടവർ ഇനിയും വീഴ്ച വരുത്തുന്ന പക്ഷം, കമ്മിഷൻ ഉത്തരവായി നൽകുമെന്ന് അദ്ദേഹം പറഞ്ഞു.