
മെൽബൺ: ആസ്‌ട്രേലിയയിൽ ഉപയോക്താക്കളുടെ വാളിൽ വാർത്തകൾ പുനഃസ്ഥാപിക്കാനൊരുങ്ങി ഫേസ്ബുക്ക്. സർക്കാരുമായി നടത്തിയ ചർച്ചക്കു പിന്നാലെയാണിത്. ചർച്ചയിൽ വ്യക്തമായ ധാരണയുണ്ടായിട്ടുണ്ടെന്നാണ് ഫേസ്ബുക്ക് അറിയിച്ചത്. പ്രധാന ആശങ്കകൾ പരിഹരിക്കുന്ന നിരവധി മാറ്റങ്ങളും ഉറപ്പുകളും സർക്കാർ അംഗീകരിച്ചതില്‍ സംതൃപ്തിയുണ്ടെന്നും വരും ദിവസങ്ങളിൽ ആസ്ട്രേലിയക്കാർക്കായി ഫേസ്ബുക്കിൽ വാർത്തകൾ പുനഃസ്ഥാപിക്കുന്നതിന് നടപടിയെടുക്കുമെന്നും ഫേസ്ബുക്ക് വ്യക്തമാക്കി. ഗൂഗിളിലൂടെയും ഫേസ്ബുക്കിലൂടെയും ഉപയോക്താക്കളിലേക്ക് എത്തുന്ന വാർത്തകൾക്ക് ഇരു കമ്പനികളും മാദ്ധ്യമസ്ഥാപനത്തിന് പണം നൽകണമെന്ന പാർലമെൻറ് തീരുമാനത്തിനെതിരെയാണ് ഫേസ്ബുക്ക് നടപടിയെടുത്തത്. പ്രതിഷേധമെന്നോണം ഉപയോക്താക്കളുടെ വാളിൽ നിന്നു ന്യൂസ് കണ്ടന്റുകൾ ഫേസ്ബുക്ക് ഒഴിവാക്കി. സർക്കാർ കൊണ്ടുവന്ന നിയമം അടിസ്ഥാനപരമായി ന്യൂസ് പബ്ലിഷർമാരും തങ്ങളും തമ്മിലുള്ള ബന്ധത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നായിരുന്നു ആസ്ട്രേലിയയിലെ ഫേസ്ബുക്ക് പ്രതിനിധികളുടെ വാദം.