
വാഷിംഗ്ടൺ: മെക്സിക്കൻ ലഹരിമരുന്ന് മാഫിയാ തലവൻ വാക്വിൻ എൽ ചാപ്പോ ഗുസ്മാന്റെ ഭാര്യ എമ്മ കൊറോണൽ ഐസ്പറോ (31) അറസ്റ്റിൽ. ജയിലിൽ കഴിയുന്ന ഭർത്താവിന് വേണ്ടി ലഹരിമരുന്നു കടത്ത് തുടരാൻ സഹായിച്ചതിനാണ് അമേരിക്കയിൽ എമ്മ അറസ്റ്റിലായത്. വിർജീനിയയിലെ ഡള്ളസ് രാജ്യാന്തര വിമാനത്താവളത്തിൽ വച്ചാണ് ഇവരെ പിടികൂടിയത്. മുൻ മെക്സിക്കൻ പ്രതിരോധ മന്ത്രി സാൽവദോർ സീൻഫ്യൂഗോസിന് ശേഷം ലഹരിമരുന്ന് കേസിൽ അമേരിക്ക അറസ്റ്റ് ചെയ്യുന്ന പ്രധാനപ്പെട്ട കണ്ണിയാണ് എമ്മ. അമേരിക്കയിലേക്കു നിയമവിരുദ്ധമായി ഹെറോയിൻ, കൊക്കെയ്ൻ, മരിജുവാന, മെത്താംഫെറ്റാമിൻ എന്നിവ കടത്താൻ ഗൂഢാലോചന നടത്തിയെന്നാണ് ഇവർക്കെതിരായ കുറ്റം.
2015ൽ മെക്സിക്കൻ ജയിലിൽനിന്ന് എൽ ചാപ്പോ രക്ഷപ്പെട്ടതിലും, ഇയാളെ അമേരിക്കയ്ക്ക് കൈമാറുന്നതിനു മുൻപ് 2016ൽ നടന്ന രണ്ടാമത്തെ ജയിൽചാട്ട ശ്രമത്തിലും എമ്മയ്ക്കു പങ്കുണ്ടെന്നു സത്യവാങ്മൂലത്തിൽ പറയുന്നു. 63കാരനായ എൽ ചാപ്പോയെ 2007ലാണ് എമ്മ വിവാഹം കഴിച്ചത്. അതേസമയം, മെക്സിക്കോയിലെ ഗുസ്മാൻ കുടുംബവുമായി ബന്ധമുള്ള അഭിഭാഷകർ വിഷയത്തോട് ഉടനെ പ്രതികരിക്കാൻ തയാറായില്ല.