pranathi

ടേബിൾ ടെന്നീസിൽ കേരളത്തിന് അഭിമാനമാകാൻ കൗമാരപ്രതിഭ

തിരുവനന്തപുരം : ടേബിൾ ടെന്നിസിൽ ചെറുപ്രായത്തിൽത്തന്നെ സംസ്ഥാനത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് പ്രണതി.പി.നായരെന്ന ഒൻപതാം ക്ളാസുകാരി. കഴിഞ്ഞവർഷത്തെ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ,ജൂനിയർ,യൂത്ത് വിഭാഗങ്ങളിൽ കിരീടം ചൂടിയത് പ്രണതിയാണ്. ഇത്തവണയും ഈ മൂന്ന് വിഭാഗങ്ങളിലും പ്രണതിക്ക് വെല്ലുവിളി ഉയർത്താൻ ആരുമുണ്ടായിരുന്നില്ല. ഈ മാസവും അടുത്തമാസവുമായി മദ്ധ്യപ്രദേശിലെ ഇൻഡോറിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പുകളിൽ മികവ് മാറ്റുരയ്ക്കാനൊരുങ്ങുകയാണ് തിരുവനന്തപുരത്തുകാരിയായ പ്രണതി.

കഴിഞ്ഞ വർഷം തൃശൂരി​ൽ നടന്ന സ്റ്റേറ്റ് ചാമ്പ്യൻഷി​പ്പി​ലെ പ്രകടനം കണ്ട് പ്രണതി​യെ യൂത്ത് വി​ഭാഗത്തി​ലെ ദേശീയ ക്യാമ്പി​ലേക്ക് പ്രവേശി​പ്പി​ച്ചി​രുന്നു. ലോകം കൊവിഡിന്റെ പിടിയിൽപ്പെട്ടില്ലായിരുന്നുവെങ്കിൽ ഇപ്പോൾ ജർമ്മനിയിൽ വിദഗ്ധ പരിശീലനത്തിലായിരിക്കുമായിരുന്നു പ്രണതി. ജൂനിയർ തലത്തിലെ പ്രണതിയുടെ പ്രക‌ടനം കണ്ട് ഇന്ത്യൻ ടീമിന്റെ ജർമ്മൻകാരനായ മുൻ കോച്ച് പീറ്റർ ഏയ്ഞ്ചലാണ് ജർമ്മനിയിലേക്ക് ക്ഷണിച്ചത്. പക്ഷേ കൊവിഡ് യാത്ര മുടക്കി.

ലോക് ഡൗൺ​ കാലത്ത് വീട്ടി​നുള്ളി​ൽ സൗകര്യം ഒരുക്കിയായിരുന്നു പരിശീലനം. സഹായി​യായി​ സഹോദരനും മുൻ സ്റ്റേറ്റ് പ്ളേയറുമായ പ്രണവ് പി​. നായരുമുണ്ടായിരുന്നു. പരി​ശീലനത്തോടുള്ള പ്രണതി​യുടെ ആവേശം കണ്ട് ഒരു കുടുംബ സുഹൃത്ത് തന്റെ കൈവശമുണ്ടായി​രുന്ന പരി​ശീലന സഹായി​യായ മെഷീനും സമ്മാനി​ച്ചിരുന്നു..

സംസ്ഥാന താരമായ രഞ്ജിത്ത് ബെന്നിയാണ് ഇപ്പോൾ പ്രണതിയെ പരിശീലിപ്പിക്കുന്നത്. ഒരു ദിവസം രണ്ട് സെഷനുകളായാണ് പരിശീലനം. ഷാനവാസാണ് ഫിറ്റ്നസ് കോച്ച്. കവടിയാർ പാലെസ്ട്ര ജിമ്മിലെ ഉണ്ണിക്കൃഷ്ണൻ, ബിച്ചു എന്നിവരുടെ പിന്തുണയുമുണ്ട്. ടേബി​ൾ ടെന്നി​സ് അസോസി​യേഷൻ പ്രസി​ഡന്റും അന്താരാഷ്ട്ര കോമ്പറ്റീഷൻ മാനേജരുമായ എൻ. ഗണേഷന്റെ പ്രചോദനാത്മകമായ ഇടപെടലുകളും പ്രണതി​ക്ക് തുണയാകുന്നു. തൈക്കാട് കല്യാൺ ട്രിനിറ്റി ഇംഗ്ളീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥിയാണ്.