
കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രാജ്യത്തെ ഏറ്റവും വലിയ കലാപകാരിയാണ് മോദിയെന്നും അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന് നേരിടേണ്ടി വന്നതിനേക്കാൾ വളരെ മോശം വിധിയാണ് മോദിയെ കാത്തിരുക്കുന്നതെന്നും മമത പറഞ്ഞു.
കൽക്കരി കുംഭകോണക്കേസിൽ തൃണമൂൽ കോൺഗ്രസ് എം.പിയും മമതയുടെ അനന്തരവനുമായ അഭിഷേക് ബാനർജിയുടെ ഭാര്യ രുജിര ബാനർജിയെ സി.ബി.ഐ ചോദ്യം ചെയ്തതിന് പിന്നാലെയാണ് മോദിക്കെതിരെ മമത ആഞ്ഞടിച്ചത്. ഹൂഗ്ലിയിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അവർ.
'നിയമസഭാ തിരഞ്ഞെടുപ്പിൽ ബംഗാളിലെ ഗോൾ കീപ്പർ താനാണ്. ഒരൊറ്റ ഗോൾ പോലും സ്‌കോർ ചെയ്യാൻ ബി.ജെ.പിയെ അനുവദിക്കില്ല. രാജ്യം ഭരിക്കുന്നത് പിശാചുക്കളാണ്. നമ്മുടെ നട്ടെല്ല് തകർക്കാനാണ് അവരുടെ ശ്രമം. നുഴഞ്ഞുകയറി ബംഗാൾ പിടിച്ചെടുക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഗുജറാത്തിന് ഒരു കാരണവശാലും ബംഗാളിനെ ഭരിക്കാനാവില്ല.' ബി.ജെ.പിക്കാർ തന്റെ മരുമകളെ കൽക്കരി കള്ളിയെന്ന് വിളിച്ചതിനെയും മമത രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.
ക്രിക്കറ്റ് താരം മനോജ് തിവാരി, സിനിമാ താരം സയോനി ദത്ത, ജുൺ മാലിയ തുടങ്ങിയ പ്രമുഖരും ഹൂഗ്ലിയിലെ റാലിയിൽ തൃണമൂൽ കോൺഗ്രസിൽ ചേർന്നു.