jeethu-joseph

ആമസോൺ പ്രൈം വീഡിയോ വഴി പുറത്തിറക്കിയ മോഹൻലാൽ ചിത്രം 'ദൃശ്യ'ത്തിന്റെ രണ്ടാം ഭാഗമായ 'ദൃശ്യം 2'വിനെകുറിച്ച് കൂടുതൽ കാര്യങ്ങൾ താൻ വെളിപ്പെടുത്താതിരുന്നത് ഭയം മൂലമാണെന്ന് തുറന്നുപറഞ്ഞ് സംവിധായകൻ ജീത്തു ജോസഫ്. പ്രേക്ഷകർക്ക് സിനിമയെ സിനിമയെ കുറിച്ച് അമിതപ്രതീക്ഷ ഉണ്ടായിരുന്നുവെന്നും അതിനാലാണ് 'ദൃശ്യം 2' ഒരുകുടുംബ ചിത്രം മാത്രമാണെന്ന് താൻ ആദ്യം പറഞ്ഞതെന്നും ജീത്തു ജോസഫ് പ്രശസ്ത സിനിമാ നിരൂപകനായ ഭരദ്വാജ് രംഗനുമായുള്ള അഭിമുഖത്തിൽ വ്യക്തമാക്കി. അമിതപ്രതീക്ഷ കാരണം സിനിമ പ്രേക്ഷകർക്ക് ഇഷ്ടപ്പെടാതെ വന്നാലോ എന്നുള്ള ഭയവും തനിക്കുണ്ടായിരുന്നതായി സംവിധായകൻ പറഞ്ഞു.

'തീർച്ചയായും ഞാൻ അത് മറച്ചുവച്ചത് തന്നെയാണ്. കാരണം സിനിമയെ കുറിച്ച് എല്ലാവര്‍ക്കും അമിത പ്രതീക്ഷയായിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് പേടിയായിരുന്നു. ഞാന്‍ ഒരു നല്ല സിനിമ ഉണ്ടാക്കാനാണ് ശ്രമിച്ചത്. പക്ഷെ ഈ അമിത പ്രതീക്ഷ കാരണം പ്രേക്ഷകര്‍ക്ക് സിനിമ ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന ഭയം എന്നിലുണ്ടായിരുന്നു. സിനിമ കണ്ടതിന് ശേഷം ഇതെല്ലാം മനസിലാകുന്നുണ്ട്, ഒന്നും പുതിയതില്ലെന്ന് പ്രേക്ഷകര്‍ പറഞ്ഞാലോ എന്ന് ഞാന്‍ പേടിച്ചു. അഥവാ പ്രേക്ഷകര്‍ക്ക് ഇതൊരു നല്ല സിനിമയായി തോന്നിയില്ലെങ്കിലോ.’-ജീത്തു ജോസഫ് പറയുന്നു.

സിനിമ കണ്ടതിനു ശേഷം ഒന്നും പുതിയതില്ലെന്നും ഇതൊരു നല്ല സിനിമയല്ലെന്നും പ്രേക്ഷകന് തോന്നിയാലോ എന്നും താൻ ഭയപ്പെട്ടിരുന്നതായി ജീത്തു ജോസഫ് പറയുന്നു. തനിക്ക് ആ റിസ്ക് എടുക്കാന്‍ കഴിയില്ലായിരുന്നു. ഇക്കാര്യം കാരണം താൻ പ്രേക്ഷകരോട് മാപ്പ് പറയുകയും ചെയ്തു. ഈ സിനിമ പ്രേക്ഷകർ നന്നായി ആസ്വദിക്കണമെന്ന് ഉണ്ടായിരുന്നു. അതിനാലാണ് അങ്ങനെ ചെയ്തത്. അതേസമയം, 'ദൃശ്യം 3'യുടെ ക്ളൈമാക്സ് താൻ മോഹൻലാലിനോട് പറഞ്ഞുവെന്നും അദ്ദേഹത്തിന് അത് ഏറെ ഇഷ്ടമായെന്നും ജീത്തു ജോസഫ് പറഞ്ഞിരുന്നു. എന്നാൽ മൂന്നാം ഭാഗം പുറത്തിറക്കുന്നതിന് രണ്ട്, മൂന്നു വർഷങ്ങൾ തന്നെ എടുക്കുമെന്നും സംവിധായകൻ പറയുന്നുണ്ട്.