 സർക്കാർ കേന്ദ്രങ്ങളിൽ സൗജന്യം

ന്യൂഡൽഹി: മുതിർന്ന പൗരന്മാർക്കും, ഗുരുതര രോഗമുള്ളവർക്കും മാർച്ച് ഒന്നു മുതൽ കൊവിഡ് പ്രതിരോധ വാക്‌സിന്റെ ആദ്യ ഡോസ് കുത്തിവയ്പ് നല്കും. 60 വയസിനു മുകളിലുള്ളവർക്കും 45 വയസിന് മുകളിൽ പ്രായമുള്ള പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം, കാൻസർ, ഗുരുതര ശ്വാസകോശ രോഗങ്ങൾ, വൃക്കരോഗം തുടങ്ങിയ അസുഖങ്ങളുള്ളവർക്കുമാണ് ഈ ഘട്ടത്തിൽ വാക്സിൻ നൽകുക. രോഗങ്ങളുടെ പട്ടിക ഉടൻ ആരോഗ്യമന്ത്രാലയം പുറത്തുവിടും. 10,000 സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ സൗജന്യമായും, 20,000 സ്വകാര്യ ആശുപത്രികളിൽ വില ഈടാക്കിയും കുത്തിവയ്പ് നടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിനു ശേഷം കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചു. സ്വകാര്യ ആശുപത്രികളിലെ നിരക്ക് മൂന്നുദിവസത്തിനുള്ളിൽ പ്രഖ്യാപിക്കും. തുക സംബന്ധിച്ച് വാക്‌സിൻ നിർമ്മാതാക്കളുമായും സ്വകാര്യആശുപത്രികളുമായും കേന്ദ്ര ആരോഗ്യമന്ത്രാലയം ചർച്ച നടത്തുകയാണ്. സർക്കാർ കേന്ദ്രങ്ങളിലേക്കുള്ള വാക്‌സിൻ ഡോസുകൾ കേന്ദ്രസർക്കാർ വാങ്ങി സംസ്ഥാനങ്ങൾക്ക് കൈമാറും. സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡും ഭാരത് ബയോടെക്കിന്റെ കൊവാക്സിനുമാണ് കുത്തിവയ്ക്കുന്നത്.