
ടെഹ്റാൻ: ഇറാനിൽ വധശിക്ഷ നടപ്പാക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേ കുഴഞ്ഞ് വീണ് മരിച്ച യുവതിയുടെ മൃതദേഹം പരസ്യമായി തൂക്കിലേറ്റി. സഹ്റ ഇസ്മായിലാണ് ശിക്ഷ നടപ്പാക്കുന്നതിനു മുൻപേ മരിച്ചത്. ഇന്റലിജൻസ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായിരുന്ന ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരിയെന്ന് കണ്ടെത്തിയ സെഹ്റയെ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു വധശിക്ഷയ്ക്ക് വിധേയയാക്കേണ്ടിയിരുന്നത്.
സെഹ്റയ്ക്ക് മുൻപ് ഇതേ സ്ഥലത്ത് 16 പേരെയാണ് ഒരേസമയം തൂക്കിലേറ്റിയത്. ഈ കാഴ്ച കണ്ട സെഹ്റ കുഴഞ്ഞു വീണു മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഔദ്യോഗിക വിശദീകരണം.
അതേസമയം, സെഹ്റ ഭർത്താവിനെ കൊന്നത് സ്വയരക്ഷയ്ക്കു വേണ്ടിയും കുട്ടികളുടെ ജീവൻ രക്ഷിക്കാൻ വേണ്ടിയുമായിരുന്നുവെന്നാണ് അവരുടെ അഭിഭാഷകൻ യു.കെ ടൈംസിനോടു പറഞ്ഞത്. 2013 മുതൽ 114 സ്ത്രീകളെ ഇറാനിൽ തൂക്കിലേറ്റിയിട്ടുണ്ടെന്നാണ് ഇറാൻ ഹ്യൂമൻ റൈറ്റ്സ് മോണിറ്ററിന്റെ കണക്ക്.