covid

കൽപ്പറ്റ: കേരളത്തിൽ നിന്ന് കർണാടകയിലേക്ക് പ്രവേശിക്കൻ കൊവിഡ് മുക്ത സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയെന്ന് കർണാടക ആരോഗ്യവകുപ്പ് അറിയിച്ചു. ആർ.ടി.പി.സി.ആർ പരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ ഇന്നുമുതൽ ചെക്ക് പോസ്റ്റ് കടത്തിവിടില്ല. ചെക്ക് പോസ്റ്റുകളിൽ പൊലീസ് സുരക്ഷ ശക്തമാക്കും. ബസുകളിൽ യാത്ര ചെയ്യുന്നവർക്കും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. എന്നാൽ പച്ചക്കറി, നിത്യോപയോഗ സാധനങ്ങൾ കൊണ്ടു പോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ഇളവുണ്ട്. ഇത്തരം വാഹനങ്ങൾ ചെക്ക് പോസ്റ്റുകളിൽ നേരത്തേ രജിസ്റ്റർ ചെയ്യണം. ഇവർ പതിനഞ്ച് ദിവസത്തിലൊരിക്കൽ ആർ.ടി.പി.സി.ആർ പരിശോധന നടത്തിയതിന്റെ സർട്ടിഫിക്കറ്റ് കരുതണം.
അതേസമയം, കേരളത്തിലേക്ക് പോകുന്ന കർണാടക സ്വദേശികളായ ടൂറിസ്റ്റുകൾക്ക് തിരിച്ചുവരാൻ ആർ.ടി.പി.സി.ആർ നിർബന്ധമാക്കിയതോടെ പലരും കർണാടക ചെക്ക് പോസ്റ്റുകളിൽ നിന്ന് മടങ്ങിപ്പോവുകയാണ്. ഇന്നലെ കർണാടക ബൈരക്കുപ്പയിൽ മൈസൂർ എസ്.പി റിശാന്ത് വയനാട് എസ്.പി ഡോ. അരവിന്ദ് സുകുമാറുമായി ചർച്ച നടത്തി. കർണാടക അതിർത്തിയായ ബാവലിയിൽ മൈസൂർ ജില്ലാ ഹെൽത്ത് ഓഫീസർ ഡോ. അമർനാഥ്, മൈസൂർ ജില്ലാ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫീസർ ഡോ. ചിദംബരം, എച്ച്.ഡി കോട്ട താലൂക്ക് ഹെൽത്ത് ഇൻസ്‌പെക്ടർ ഡോ. രവികുമാർ എന്നിവരെത്തി ആരോഗ്യവകുപ്പ് ജീവനക്കാർക്ക് കർശന നിർദ്ദേശം നൽകി.

കേരളത്തിലെ യാത്രക്കാർക്ക് നിയന്ത്രണമേർപ്പെടുത്തി ബംഗാളും

ന്യൂഡൽഹി: പശ്ചിമബംഗാളും കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് 72 മണിക്കൂറിനുള്ളിലെ ആർ.ടി.പി.സി.ആർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതലാണ് ഇത് നടപ്പാക്കുക.
കേരളത്തെ കൂടാതെ മഹാരാഷ്ട്ര, തെലങ്കാന, കർണാടക സംസ്ഥാനങ്ങളിലെ യാത്രക്കാർക്കും നെഗറ്റീവ് സർട്ടിഫിക്കറ്റ് ബംഗാൾ നിർബന്ധമാക്കിയിട്ടുണ്ട്.