naxal-vargheese

തിരുവനന്തപുരം: തിരുനെല്ലി കാട്ടിൽ പോലീസ് വെടിയേറ്റു മരിച്ച നക്സൽ വർഗീസിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. വർഗീസിന്റെ സഹോദരങ്ങളായ മറിയക്കുട്ടി, അന്നമ്മ, എ. തോമസ്, എ. ജോസഫ് എന്നിവർക്ക് നഷ്ടപരിഹാരം നൽകാൻ സെക്രട്ടറി തല സമിതിയാണ് സർക്കാരിന് ശുപാർശ ചെയ്തത്. 1970 ഫെബ്രുവരി 18നാണ് വയനാട്ടിലെ തിരുനെല്ലിയിൽ വെച്ച് വ്യാജ ഏറ്റുമുട്ടലിൽ വർഗീസ് കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ട് 51 കൊല്ലത്തിനിപ്പുറമാണ് കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കാൻ വഴിയൊരുങ്ങുന്നത്. വർഗീസിനെ പൊലീസ് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞതിനെ തുടർന്ന് ബന്ധുക്കൾ നഷ്ടപരിഹാരത്തിന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. സർക്കാരിന് ഇത് സംബന്ധിച്ച് നിവേദനം നൽകാനായിരുന്നു ഹൈക്കോടതി നിർദേശിച്ചത്. തുടർന്ന് സഹോദരങ്ങൾ നൽകിയ നിവേദനം പരിശോധിച്ചാണ് നഷ്ടപരിഹാരം നിശ്ചയിച്ചത്.

1998ലാണ് അന്ന് ഡിവൈഎസ്പിയായിരുന്ന ലക്ഷ്മണയുടെ നിർദേശ പ്രകാരമാണ് താൻ വർഗീസിനെ വെടിവെച്ചു കൊന്നതെന്ന് കോൺസ്റ്റബിൾ പി രാമചന്ദ്രൻ നായർ വെളിപ്പെടുത്തിയത്. വ്യാജ ഏറ്റുമുട്ടൽ കേസിൽ ഐജി ലക്ഷ്മണയെ സിബിഐ കോടതി ശിക്ഷിച്ചിരുന്നു.

നിരുനെല്ലിയിലെ ആദിവാസികൾക്കെതിരായ ചൂഷണം ചോദ്യംചെയ്തു കൊണ്ടാണ് വർഗീസ് നക്സൽ പ്രസ്ഥാനത്തിൽ വളർന്നു വന്നത്. 1960കളിൽ വയനാട്ടിലെ പല ഭൂപ്രഭുക്കൻമാരുടേയും കൊലപാതകത്തിന് പിന്നിൽ വർഗീസ് അടങ്ങിയ നക്സൽ സംഘമാണെന്നായിരുന്നു പൊലീസ് കണ്ടെത്തൽ.

1970 ഫെബ്രുവരി 17നാണ് ഒളിവിൽ കഴിയുകയായിരുന്ന വർഗീസിനെ പൊലീസ് പിടികൂടുന്നത്. ദിവസങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെമൃതദേഹം തിരുനെല്ലി പൊലീസ് സ്റ്റേഷനടുത്തുള്ള കൂമ്പാരക്കുനിയിൽ നിന്നും കണ്ടെത്തി. മൃതദേഹം സെമിത്തേരിയിൽ അടയ്ക്കാൻ പള്ളികമ്മിറ്റി വിസമ്മതിച്ചതിനെ തുടർന്ന് വെള്ളമുണ്ടയ്ക്ക് അടുത്ത് ഒഴുക്കൻ മൂലയിലെ കുടുംബ ഭൂമിയിലായിരുന്നു വർഗീസിനെ അടക്കിയത്.