
പാലാ : രാഷ്ട്രീയ - മത ചിന്തകൾക്കപ്പുറം എല്ലാവരെയും സമഭാവനയോടെയും സ്‌നേഹത്തോടെയും കണ്ടതാണ് കെ.എം. മാണിയുടെ ഗുണവും പുണ്യവുമെന്ന് നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. പാലായിൽ കെ.എം. മാണിയുടെ പൂർണകായപ്രതിമ അനാവരണം ചെയ്യുകയായിരുന്നു അദ്ദേഹം. ''മാണി സാറിന് ഒരു ദർശനമുണ്ടായിരുന്നു. ഒരു പ്രത്യയശാസ്ത്രത്തിന്റെയും പിറകെ പോവാതെ സ്വന്തമായൊരു പ്രത്യയശാസ്ത്രവും തത്വശാസ്ത്രവും സൃഷ്ടിക്കുകയാണ് ചെയ്തത്. വിനയം, സഹിഷ്ണുത, മടുപ്പില്ലായ്മ, മറ്റുള്ളവരെ കേൾക്കാനുള്ള മനസ് എന്നിവ മാണി സാറിന്റെ സ്വഭാവസവിശേഷതകളായിരുന്നു. ജീവിതത്തിലെ ഏറ്റവും ധന്യവും സുകൃതം നിറഞ്ഞതുമായ ചടങ്ങിലാണ് താൻ പങ്കെടുത്തതെന്ന് പറഞ്ഞ സ്പീക്കർ 'നദി ഒഴുകി സമുദ്രത്തിൽ ചെന്ന് ചേരുന്നതുപോലെ മാണി സാറിന്റെ ജീവിതം ഇപ്പോൾ കൂടുതൽ സാർഥകമായെന്നും കൂട്ടിച്ചേർത്തു.
പാലാ രൂപതാ സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ അദ്ധ്യക്ഷത വഹിച്ചു. മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി ആമുഖ പ്രസംഗം നടത്തി. എം.എൽ.എമാരായ റോഷി അഗസ്റ്റിൻ, ഡോ.എൻ.ജയരാജ്, മുൻ എം.എൽ.എ വി.എൻ. വാസവൻ, പ്രൊഫ. വി.ജെ.പാപ്പു, പാലാ നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര, എൻ.എസ്.എസ് ഡയറക്ടർ ബോർഡ് മെമ്പർ സി.പി. ചന്ദ്രൻ നായർ, എസ്.എൻ.ഡി.പി യോഗം പാലാ ടൗൺ ശാഖാ പ്രസിഡന്റ് പി.ജി അനിൽകുമാർ, അഡ്വ. ജോസ് ടോം, ഫിലിപ് കുഴികുളം തുടങ്ങിയവർ പ്രസംഗിച്ചു.