
മൊഹാലി: പ്രശസ്ത പഞ്ചാബി ഗായകൻ ശർദൂൾ സിക്കന്ദർ (60) കൊവിഡ് ബാധിച്ച് മരിച്ചു. മൊഹാലിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
അടുത്തിടെയാണ് ശർദൂളിന് രോഗം സ്ഥിരീകരിച്ചത്. അനിയന്ത്രിതമായ പ്രമേഹം, വൃക്ക തകരാർ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളും നേരിടുന്നുണ്ടായിരുന്നു.
പഞ്ചാബി നാടോടി, പോപ് സംഗീത ലോകത്തെ ഏറ്റവും മികച്ച സംഗീതജ്ഞരിൽ ഒരാളായിരുന്നു ശർദൂൾ. പഞ്ചാബി നാടോടി ഗാനങ്ങളിലൂടെയാണ് ശർദൂൾ പ്രശസ്തി നേടിയത്.
പ്രശസ്ത തബല വിദ്വാൻ സാഗർ മസ്താനയുടെ മകനാണ്. ചെറുപ്പത്തിലെ സംഗീതലോകത്തെത്തിയ ശർദൂൾ 30 വർഷത്തിനിടെ 25 ലധികം ആൽബങ്ങൾ നിർമ്മിച്ചു. 1995 ൽ പുറത്തിറങ്ങിയ 'ഹുസ്ന ദേ മൽകോ" എന്ന ആൽബം 50 ദശലക്ഷം കോപ്പികൾ വിറ്റഴിഞ്ഞു. ദിൽ നയ് ലഗ്ഡ, തേരേ ലഗ് ഗയി മെഹന്ദി, ഛർദി ഖല്ല തെനു സമ്‌നെ തു ഹസി, ബോലേ സോ നിഹാൽ, ഖൽസ ദീ ഛർദി കാലാ, ഇക് തു ഹോവെ ഇക് മേൻ ഹോവാൻ തുടങ്ങിയ ഗാനങ്ങൾ ലക്ഷക്കണക്കിന് ആസ്വാദക ഹൃദയങ്ങൾ കീഴടക്കി. ജഗ്ഗ ദക്കു, പൊലീസ് എന്നീ പഞ്ചാബി സിനിമകളിലും അഭിനയിച്ചു.
അമർ നൂരിയാണ് ഭാര്യ. ഗായകനും സംഗീതജ്ഞനുമായ സാരംഗ് സിക്കന്ദറും അലാപ് സിക്കന്ദറും മക്കളാണ്.