
പിങ്ക് ബാൾ ടെസ്റ്റിൽ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സിൽ 112ന് ആൾഔട്ട്
അക്ഷർ പട്ടേലിന് ആറ് വിക്കറ്റ്, രോഹിതിന് അർദ്ധ ശതകം
അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേരയിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയം വേദിയാകുന്ന പിങ്ക് ബാൾ ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ സ്പിൻ കരുത്തിൽ ഒന്നാം ഇന്നിംഗ്സിൽ 112 റൺസിന് ആൾഔട്ടാക്കി ഇന്ത്യ മേൽക്കൈ നേടി. തുടർന്ന് ഒന്നാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ ഒന്നാം ദിനം കളിനിറുത്തുമ്പോൾ 99/3 എന്ന നിലയിലാണ്.
ഒരു ലക്ഷത്തി പതിനായിരം പേർക്കിരിക്കാവുന്ന രീതിയിൽ നവീകരിച്ച സ്റ്റേഡിയം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്ത ശേഷമാണ് ഇന്ത്യ -ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ഡേ-നൈറ്റായി നടക്കുന്ന മൂന്നാം മത്സരം തുടങ്ങിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ ആറ് വിക്കറ്റുമായി കളംനിറഞ്ഞ സ്പിന്നർ അക്ഷർ പട്ടേലാണ് വലിയ തകർച്ചയിലേക്ക് തള്ളിവിട്ടത്. അശ്വിൻ മൂന്ന് വിക്കറ്റ് വീഴ്ത്തി.
ഓപ്പണർ ഡോം സിബ്ലിയെ അക്കൗണ്ട് തുറക്കുന്നതിന് മുൻപ് സ്ലിപ്പിൽ രോഹിത് ശർമ്മയുടെ കൈയിൽ എത്തിച്ച് തന്റെ നൂറാം ടെസ്റ്റിനിറങ്ങിയ ഇശാന്ത് ശർമ്മയാണ് ഇംഗ്ലണ്ടിന്റെ ആദ്യ വിക്കറ്റ് വീഴ്ത്തിയത്. തുടർന്നെത്തിയ ജോണി ബെയർസ്റ്റോയെ ഒരറ്റത്ത് നിറുത്തി മറ്റൊരു ഓപ്പണർ സാക്ക് ക്രൗളി മനോഹരമായ സ്ട്രോക്ക് പ്ലേയിലൂടെ ഇംഗ്ലണ്ടിന്റെ സ്കോർ ബോർഡ് ചലിപ്പിച്ചു കൊണ്ടിരുന്നു. ഏഴാം ഓവറിൽ ചേയ്ഞ്ച് ബൗളറായി അക്ഷറിനെ കൊണ്ടുവരാനുള്ള ഇന്ത്യൻ നായകൻ വിരാട് കൊഹ്ലിയുടെ തീരുമാനം ഫലംകണ്ടു. ആദ്യ പന്തിൽ തന്നെ ബെയർസ്റ്റോയെ (0) വിക്കറ്റിന് മുന്നിൽ കുരുക്കി അക്ഷർ ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. വിശ്വസ്തനായ റൂട്ടിനേയും (17) അക്ഷർ വിക്കറ്റിന് മുന്നിൽ കുടുക്കി മടക്കിയയച്ചു. ഒരറ്റത്ത് വിക്കറ്റ് വീഴുമ്പോഴും പരിഭ്രമില്ലാതെ ഇംഗ്ലണ്ടിന്റെ അക്കൗണ്ടിൽ റൺസ് എത്തിച്ചു കൊണ്ടിരുന്ന ക്രൗളിയെ അർദ്ധ സെഞ്ച്വറി തികച്ചയുടൻ പട്ടേൽ വിക്കറ്റിന് മുന്നിൽ കുടുക്കിയതോടെ ഇംഗ്ലണ്ട് വലിയ പ്രതിസന്ധിയിലായി. 84 പന്ത് നേരിട്ട് 10 ഫോറുൾപ്പെടെ 53 റൺസ് നേടിയാണ് ക്രൗളി ക്രീസ് വിട്ടത്. അദ്ദേഹം ഔട്ടാകുമ്പോൾ 80/4 എന്ന നിലയിലായിരുന്ന ഇംഗ്ലണ്ടിനെ അക്ഷറും അശ്വിനും കൂടെ 112ന് ആൾഔട്ടാക്കുകയായിരുന്നു.
തുടർന്ന് ഒന്നാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യയ്ക്ക് ശുഭ് മാൻ ഗില്ലിന്റേയും (11), ചേതേശ്വർ പുജാരയുടേയും (0),വിരാട് കൊഹ്ലിയുടേയും (27) വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. ഫിഫ്റ്റി തികച്ച രോഹിത് ശർമ്മയ്ക്കൊപ്പം (57)അജിങ്ക് രഹാനെയാണ് (1)ക്രീസിൽ.
ഇശാന്തിന് ഗാർഡ് 
ഒാഫ് ഹോണർ
നൂറാം ടെസ്റ്റിനിറങ്ങിയ പേസർ ഇശാന്ത് ശർമ്മയ്ക്ക് ഗ്രൗണ്ടിലേക്ക് വരുമ്പോൾ ഇന്ത്യൻ താര                            ങ്ങൾ എല്ലാവരും ചേർന്ന് ഗാർഡ് ഒാഫ് ഹോണർ നൽകി. നേരത്തേ അദ്ദേഹത്തിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉപഹാരം നൽകിയിരുന്നു.