
ബംഗളൂരു : വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ റയിൽവേസിനെതിരെ കേരളത്തിന് തകർപ്പൻ ജയം. ഇരുടീമും മൂന്നൂറിലധികം റൺസ് നേടിയ മത്സരത്തിൽ 7 റൺസിനാണ് കേരളത്തിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം ഓപ്പണർമാരായ റോബിൻ ഉത്തപ്പയുടേയും (100), വിഷ്ണു വിനോദിന്റേയും (107) സെഞ്ച്വറികളുടെ മികവിൽ 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 351 റൺസെടുത്തു. മറുപടിക്കിറങ്ങിയ റയിൽവേസ് പൊരുതിനോക്കിയെങ്കിലും 49.4 ഓവറിൽ 344 റൺസിന് ആൾഔട്ടാവുകയായിരുന്നു. കേരളത്തിനായി നിഥീഷ് മൂന്നും ശ്രീശാന്തും എൻ.ബേസിലും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
ഓപ്പണർമാരായ ഉത്തപ്പയും വിഷ്ണുവും 193 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ച് കേരളത്തിന് മികച്ച തുടക്കം നൽകി. 104 പന്തുകൾനേരിട്ട ഉത്തപ്പ അഞ്ചു സിക്സും എട്ട് ഫോറുമടക്കമാണ് 100 റൺസെടുത്തത്. 107 പന്തുകൾ നേരിട്ട വിഷ്ണു നാലു സിക്സും അഞ്ചു ഫോറുമടക്കമാണ് 107 റൺസ് നേടിയത്.
വൺഡൗണായെത്തിയ സഞ്ജു സാംസൺ വെറും 29 പന്തിൽ നിന്ന് നാലു സിക്സും ആറു ഫോറുമടക്കം 61 റൺസ് അടിച്ചെടുത്തു. 34 പന്തിൽ 3 സിക്സും 2 ഫോറുമടക്കം പുറത്താകാതെ 46 റൺസെടുത്ത വത്സൽ ഗോവിന്ദും കേരളത്തെ 350 കടത്തുന്നതിൽ നിർണായക പങ്കുവഹിച്ചു.
മറുപടി ബാറ്റിംഗിൽ വാലറ്റത്ത് 32 പന്തിൽ 7 ഫോറും 2 സിക്സും അടക്കം അതിവേഗം 58 റൺസ് നേടി ഹർഷ് ത്യാഗി ഞെട്ടിച്ചെങ്കിലും അവസാന ഓവറിലെ അടുത്തടുത്ത പന്തുകളിൽ ത്യാഗിയേയും അമിത് മിശ്രയേയും (10 പന്തിൽ 20) പുറത്താക്കി നിധീഷ് കേരളത്തിന്റെ ജയം ഉറപ്പിക്കുകയായിരുന്നു. മൃണാൽ ദേവ്ധർ (79), അരിൻഡാൻ ഘോഷ് (64), സൗരഭ് സിംഗ് (50) എന്നിവരും റയിൽേവേസ് ബാറ്റിംഗ് നിരയിൽ അർദ്ധശതകം തികച്ചു.വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന്റെ തുടർച്ചയായ മൂന്നാം ജയമാണിത്.
തിളങ്ങുന്ന കേരളം
7-ഇത് ഏഴാമത്തെ തവണയാണ് ലിസ്റ്റ് എ മത്സരത്തിൽ കേരളം 300ൽ അധികം റൺസ് നേടുന്നത്.
351- ലിസ്റ്റ് എ മത്സരത്തിൽ കേരളത്തിന്റെ മൂന്നാമത്തെ ഏറ്രവും ഉയർന്ന സ്കോറാണ്.
11- വിജയ് ഹസാരെ ട്രോഫിയിൽ ഏറ്രവും കൂടുതൽ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കാഡ് റോബിൻ ഉത്തപ്പ സ്വന്തമാക്കി. ഇന്നലത്തേത് അദ്ദേഹത്തിന്റെ 11-ാം സെഞ്ച്വറി
2-വിജയ് ഹസാരെയിൽ രണ്ട് സെഞ്ച്വറി ഒരിന്നിംഗ്സിൽ ഉണ്ടാകുന്നത് ഇത് മൂന്നാം തവണ.