
ആലപ്പുഴ: വയലാറിൽ ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. വയലാർ സ്വദേശിയായ നന്ദുവാണ് മരിച്ചത്. സംഘർഷത്തിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകർക്കും മൂന്ന് ആർഎസ്എസ് പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ടെന്നും വിവരമുണ്ട്. ചേർത്തല വയലാർ നാഗംകുളങ്ങര കവലയിൽ വച്ചാണ് സംഭവമുണ്ടായത്.
നാഗംകുളങ്ങര കവലയിൽ വച്ച് ഇന്ന് വൈകിട്ട് എസ്ഡിപിഐയുടെ ഒരു പരിപാടി നടന്നിരുന്നു. പരിപാടി നടക്കുന്നതിനിടെ പ്രകോപനപരമായി പ്രസംഗമുണ്ടായി എന്ന് പറഞ്ഞുകൊണ്ട് ആർഎസ്എസ് പ്രവർത്തകർ അങ്ങോട്ടേക്ക് എത്തിയിരുന്നു. ശേഷം ചെറിയ ഉന്തും തള്ളും ഉണ്ടാവുകയും തുടർന്ന് ഇരു വിഭാഗങ്ങളും പ്രകടനം നടത്തുകയും ചെയ്തിരുന്നു.
പൊലീസ് സംരക്ഷണത്തിൽ ആണ് പ്രകടനങ്ങൾ നടന്നത്. പ്രകടനങ്ങൾ അവസാനിപ്പിച്ച് എല്ലാവരും പോയശേഷമാണ്വീണ്ടും സംഘർഷമുണ്ടായത്.
സംഘർഷത്തിൽ ആർഎസ്എസിന്റെ മുഖ്യ ശിക്ഷക് നന്ദു വെട്ടേറ്റ് മരിക്കുകയായിരുന്നു. പരിക്കേറ്റവരിൽ ഒരു ആർഎസ്എസ് പ്രവർത്തകന്റെ നില അതീവ ഗുരുതരമാണ്. ഇയാളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഘർഷത്തെ തുടർന്ന് വയലാറിൽ വലിയ രീതിയിലുള്ള സുരക്ഷാ സന്നാഹമാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.