
ന്യൂഡൽഹി: പൊതുമേഖലയിലെ സ്വകാര്യവത്കരണത്തിൽ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യവസായം ചെയ്യേണ്ടത് സർക്കാരിന്റെ ജോലിയല്ല. സർക്കാരിന്റെ ശ്രദ്ധ ജനങ്ങളുടെ ക്ഷേമപ്രവർത്തനങ്ങളിലും വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ആയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച സ്വകാര്യവത്കരണവുമായി ബന്ധപ്പെട്ട് നടന്ന ഡിഐപിഎഎമ്മിന്റെ വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ വ്യവസായത്തിനും വ്യവസായസ്ഥാപനങ്ങൾക്കും പിന്തുണ നൽകുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. എന്നാൽ സർക്കാർ സ്വയം വ്യവസായസ്ഥാപനങ്ങൾ നടത്തുകയും അതിന്റെ ഉടമസ്ഥനായിരിക്കുകയും ചെയ്യുക എന്നത് ഇത്തത്തെ യുഗത്തിൽ ആവശ്യവുമല്ല അത് സംഭവ്യവുമല്ല. അതുകൊണ്ട് വ്യവസായം ചെയ്യേണ്ടത് സർക്കാരിന്റെ ജോലിയല്ലെന്ന് ഞാൻ പറയുന്നു. സർക്കാരിന്റെ ശ്രദ്ധ ജനങ്ങളുടെ ക്ഷേമവും വികസനവുമായി ബന്ധപ്പെട്ട പദ്ധതികളിലായിരിക്കണം. സർക്കാരിന്റെ ശക്തിയും വിഭവങ്ങളും എല്ലാം തന്നെ ക്ഷേമ പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്വകാര്യ മേഖല നൈപുണ്യവും തൊഴിലവസരങ്ങളും കൊണ്ടുവരും. സ്വകാര്യവത്കരണത്തിലൂടെ സമാഹരിക്കുന്ന പണം ജനങ്ങളുടെ ആവശ്യങ്ങൾക്കായി വിനിയോഗിക്കും. സർക്കാരിന്റെ കയ്യിൽ ഉപയോഗശൂന്യമായ നിരവധി സ്വത്തുക്കൾ ഉണ്ടെന്നും അത് പണമാക്കി മാറ്റുന്നതിലൂടെ 2.5 ലക്ഷം കോടി സമാഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പൊതുമേഖലാസ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കുന്ന നരേന്ദ്ര മോദി സർക്കാരിന്റെ നീക്കങ്ങൾക്കെതിരെ പ്രതിപക്ഷ പാർട്ടികളടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നതിനിടയിലാണ് ഈ വിഷയത്തിൽ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. കൂടുതൽ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കാനുളള സർക്കാർ നീക്കത്തെ തുറന്നു കാട്ടുന്നതാണ് പ്രധാനമന്ത്രിയുടെ ഇപ്പോഴത്തെ വിശദീകരണം.