
ഹൈദരാബാദ്: തെലുഗു വാർത്താ ചാനലായ എബിഎൻ ആന്ധ്രജ്യോതിയിലെ ലൈവ് ചർച്ചക്കിടെ ബിജെപി നേതാവിന് നേരെ ചെരിപ്പേറ്. ബിജെപി ആന്ധ്രാപ്രദേശ് സംസ്ഥാന ജനറൽ സെക്രട്ടറി എസ് വിഷ്ണുവർധനു നേരെയാണ് അമരാവതി പരിരക്ഷണ സമിതി ജോയിന്റ് ആക്ഷൻ കമ്മിറ്റി പ്രതിനിധി കോലിക്കാപുടി ശ്രീനിവാസ റാവു ചെരിപ്പൂരി എറിഞ്ഞത്.
അമരാവതി പ്രൊജക്ടുകൾക്കായി 3000 കോടി സംഭരിക്കുന്നതിനുള്ള സർക്കാർ ഗ്യാരന്റി നീട്ടാനുള്ള സർക്കാർ തീരുമാനത്തെക്കുറിച്ചായിരുന്നു ചർച്ച. മുൻ മുഖ്യമന്ത്രിമാർ ലോണെടുക്കാൻ വേണ്ടി വിമാനയാത്ര നടത്തുകയും അത് പരസ്യം ചെയ്യുകയുമായിരുന്നുവെന്ന് ബിജെപി നേതാവ് പറഞ്ഞതാണ് ശ്രീനിവാസ റാവുവിനെ പ്രകോപിപ്പിച്ചത്.
അദ്ദേഹത്തിന് ടിഡിപി (തെലുങ്കുദേശം പാർട്ടി) യുമായി ബന്ധമുണ്ടെന്നുകൂടെ ആരോപിച്ചതോടെ ശ്രീനിവാസ റാവു കാലിലെ ചെരിപ്പൂരി വിഷ്ണുവർധനു നേരെ എറിയുകയായിരുന്നു. ഇതോടെ വിഷ്ണുവർധൻ സീറ്റിൽ നിന്നെഴുന്നേറ്റ് റാവുവിനു നേരെ ഇരച്ചെത്തി. സംഭവം കൈവിട്ടു പോവുകയായാണെന്ന് മനസിലാക്കിയതോടെ ആങ്കർ ചർച്ച നിർത്തിവെച്ച് ഇടവേള എടുത്തു.
BJP leader vishnu vardhan reddy hit with chappal by TDP supporter in live channel owned by TDP pic.twitter.com/KHlvqvb9uW
— Political Missile (@TeluguChegu) February 23, 2021
സ്റ്റുഡിയോയിൽ ഉണ്ടായ അനിഷ്ട സംഭവത്തിൽ എബിഎൻ ആങ്കർ പ്രേക്ഷകരോട് മാപ്പുപറഞ്ഞു. സംഭവത്തിൽ ചാനൽ അധികൃതർ പൊലീസിൽ പരാതിപ്പെടണമെന്നാണ് ബിജെപിയുടെ ആവശ്യം. അതേസമയം ബിജെപി നേതാവ് നിയമനടപടിയുമായി മുന്നോട്ടു പോവുകയാണെങ്കിൽ സഹകരിക്കുമെന്നും ഇനിമുതൽ ശ്രീനിവാസ റാവുവിനെ ചർച്ചകളിൽ പങ്കെടുപ്പിക്കില്ലെന്നും ചാനൽ വ്യക്തമാക്കിയിട്ടുണ്ട്.