minister-of-loneliness

ടോക്കിയോ: ലോക്ഡൗണോടെ രാജ്യത്ത് ആത്മഹത്യാ നിരക്ക് കുത്തനെ വർദ്ധിച്ചതുകണക്കിലെടുത്ത് ഏകാന്തതയ്ക്ക് മന്ത്രിയെ നിയമിച്ച് ജപ്പാൻ. രാജ്യത്തെ ആത്മഹത്യാനിരക്ക് കുറയ്ക്കുക പൗരൻമാരെ സദാ സന്തുഷ്ടരാക്കുക എന്നവ ലക്ഷ്യമാക്കിയാണ് പുതിയ ക്യാബിനറ്റ് പദവി സൃഷ്ടിച്ചിരിക്കുന്നത്. ടെറ്റ്സുഷി സകാമോട്ടോയെയാണ് ഏകാന്തതയുടെ മന്ത്രിയായി ജപ്പാൻ പ്രധാനമന്ത്രി യോഷിഹിദെ സുഗ നിയമിച്ചത്. ജനങ്ങളിലെ ഏകാന്തതയ്ക്കുള്ള പരിഹാരങ്ങൾ കണ്ടെത്തുക, ബന്ധപ്പെട്ട മന്ത്രാലയവുമായി സഹകരിച്ച് സമഗ്രമായ പരിഹാര മാർഗങ്ങൾ ആസൂത്രണം ചെയ്യുക തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ ചുമതലകൾ.

കൊവിഡ് മഹാമാരിയുടെ കാലത്ത് ആളുകളെ ഏറ്റവും കൂടുതൽ ബാധിച്ചത് ലോക്ക്ഡൗൺ കാലത്തെ ഏകാന്തതയും ഒറ്റപ്പെടലുമാണ്. ഇതിന്റെ ഫലമായി ഉണ്ടായതാകട്ടെ ഉത്കണ്ഠയും മാനസിക സമ്മർദ്ദവും. ഏറെനാൾ നീണ്ടു നിൽക്കുന്ന സാമൂഹിക അകലവും ഒറ്റപ്പെടലും കാരണം പല ലോകരാജ്യങ്ങളിലേയും പോലെ ജപ്പാനിലും ആത്മഹത്യാ നിരക്കുകൾ കുത്തനെ ഉയർന്നിരുന്നു. ജപ്പാനിലെ ആത്മഹത്യാനിരക്ക് 11 വർഷത്തിലെ ഏറ്റവും കൂടിയ നിലയിലാണിപ്പോൾ. 2018ൽ യുകെയാണ് ഇതിനു മുൻപ് ഏകാന്തതയ്ക്ക് മന്ത്രിയെ നിയമിച്ചത്. ബ്രിട്ടന്റെ പാത പിന്തുടർന്നാണ് ജപ്പാൻ ടെറ്റ്സുഷി സാകാമോട്ടോയെ പുതിയ വകുപ്പേൽപിച്ചിരിക്കുന്നത്.