
ന്യൂഡൽഹി: ട്വിറ്ററുമായുളള ഏറ്റുമുട്ടലിനു പിന്നാലെ സാമൂഹിക മാദ്ധ്യമങ്ങളെ നിയന്ത്രിക്കാൻ പുതിയ പദ്ധതികളുമായി കേന്ദ്ര സർക്കാർ. കരട് ചട്ടമനുലരിച്ച് വിവാദ പരമായ ഉളളടക്കങ്ങൾ വേഗത്തിൽ മായ്ക്കാനും അന്വേഷണങ്ങളെ സഹായിക്കാനും സാമൂഹിക മാദ്ധ്യമകമ്പനികളെ നിർബന്ധിതരാക്കാനാണ് സർക്കാർ പദ്ധതി തയ്യാറാക്കുന്നത്.
ലോകമെമ്പാടുമുളള രാജ്യങ്ങൾ ശക്തരായ വലിയ സങ്കേതിക സ്ഥാപനങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിലാണ് ഇന്ത്യ മദ്ധ്യവർത്തി മാർഗനിദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡും ആസൂത്രണം ചെയ്യുന്നതായ വിവരങ്ങൾ വാർത്താ ഏജൻസികൾ പുറത്തു വിട്ടിരിക്കുന്നത്. ഏറ്റവും പുതിയ കരടു നിയമപ്രകാരം സർക്കാർ ഉത്തരവ് നൽകിയാൽ 36 മണിക്കൂറിനുളളിൽ കഴിയുന്നതും വേഗത്തിൽ ഉളളടക്കങ്ങൾ നീക്കം ചെയ്യേണ്ടതാണെന്നും പുറത്തുവരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നു. ഈ നിയമം എപ്പോൾ പ്രാബല്യത്തിൽ വരുമെന്നും എന്തൊക്കെ മാറ്റങ്ങൾ ഇതിൽ ഉണ്ടാകുമെന്നുമുളളകാര്യം ഇനിയും അവ്യക്തമാണ്.
പ്രസിദ്ധീകരിക്കുന്ന വാർത്തകൾക്ക് ഫേസ്ബുക്കും ഗൂഗിളും പ്രതിഫലം നൽകണമെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമവുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയൻ സർക്കാരുമായുളള ഫേസ്ബുക്കിന്റെ ബന്ധത്തിൽ അടുത്തിടെ വിളളൽ വീണിരുന്നു. കർഷക പ്രക്ഷോഭത്തിന് ഊർജം പകരുന്ന തരത്തിലുളള ഉളളടക്കങ്ങൾ നീക്കം ചെയ്യണമെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യത്തെ ട്വിറ്റർ അവഗണിച്ചത് ഏറെ വിവാദമായിരുന്നു. 2018 മുതൽ നരേന്ദ്ര മോദി സർക്കാർ വ്യാജവും നിയമവിരുദ്ധവുമാണെന്ന് കരുതുന്നവാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെയുളള നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തി വരികെയാണ്.