arrest

കൊട്ടാരക്കര: വാഹനം വാങ്ങാനെത്തിയവർ ഉടമയായ യുവാവിനെ മർദ്ദിച്ച് വഴിയിൽ തള്ളിയ ശേഷം വാഹനവും പണവുമായി കടന്ന സംഭവത്തിൽ ഒരാൾ പിടിയിൽ. മുണ്ടക്കയം സ്വദേശി റെമീഷിനെയാണ് (30) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടുപേർ കൂടി പിടിയിലാകാനുണ്ട്.

പട്ടാഴി തെക്കേത്തേരി ഗായത്രിയിൽ അജയിനെ (21) മർദ്ദിച്ചശേഷമാണ് കഴിഞ്ഞ ദിവസം കാറുമായി കടന്നത്. അജയ് കാർ വിൽപ്പനയ്ക്കുണ്ടെന്ന് ഓൺലൈൻ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റെമീഷും മറ്റു രണ്ടുപേരും അജയിന്റെ വീട്ടിലെത്തിയത്. കാർ ഓടിച്ചുനോക്കാൻ കൊണ്ടുപോയപ്പോൾ കൂടെ കയറിയ അജയിനെ അന്തമൺ പാലത്തിന് സമീപം ആളൊഴിഞ്ഞ സ്ഥലത്തുവച്ചാണ് മർദ്ദിച്ച് വഴിയിൽ തള്ളിയത്. കാറിന്റെ ഡാഷ് ബോർഡിൽ സൂക്ഷിച്ചിരുന്ന അഞ്ചുലക്ഷം രൂപയും മൊബൈൽ ഫോണും സ്വർണമാലയും അപഹരിച്ചുവെന്നത് ഉൾപ്പെടെ കാട്ടിയാണ് അജയ് കൊട്ടാരക്കര പൊലീസിൽ പരാതി നൽകിയത്. പരാതിയിൽ പറഞ്ഞിട്ടുള്ളവ പൂർണമായും ശരിയല്ലെന്ന് പൊലീസ് പറയുന്നു.

നേരത്തെ ബൈക്ക് ഇടപാടുമായി ബന്ധപ്പെട്ട് 36,000 രൂപ അജയ് റെമീഷിന് നൽകാനുണ്ടായിരുന്നു. ഇതിന്റെ പേരിലാണ് കാർ കൊണ്ടുപോയത്. സ്വർണവും പണവുമടക്കം അപഹരിച്ചിട്ടില്ലെന്നും വ്യക്തമായി. റെമീഷിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.