mansoor-shuhaib-adarsh

കൊച്ചി: ബൈക്കിൽ കറങ്ങിനടന്ന് സ്ത്രീകളുടെ പഴ്‌സും മൊബൈലും തട്ടിയെടുക്കുന്ന ബൈക്ക് റേസിംഗ് സംഘം അറസ്റ്റിൽ. തോപ്പുംപടി സ്വദേശി മൻസൂർ (20) ആലപ്പുഴ തിരുവമ്പാടി സ്വദേശി ഷുഹൈബ് (21), മരട് സ്വദേശി ആദർശ് (20) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്ത പ്രതികളുടെ അറസ്റ്റ് രാത്രി വൈകിയാണ് രേഖപ്പെടുത്തിയത്. അസി.കമ്മിഷണർ കെ. ലാൽജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.

മരട് ഇരുമ്പുപാലത്തിന് സമീപം വഴിയാത്രക്കാരിയുടെ പണമടങ്ങിയ പഴ്‌സ് തട്ടിയെടുത്ത കേസിൽ പൊലീസ് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. പാലാരിവട്ടം, എളമക്കര, ഹിൽപാലസ്, ഇൻഫോപാർക്ക് സ്റ്റേഷനുകളിൽ നടന്ന സമാനമായ കേസുകളിലും ബൈക്ക് മോഷണങ്ങൾക്കും പിന്നിൽ ഇവരാണെന്ന് തെളിഞ്ഞതായി പൊലീസ് പറഞ്ഞു. മൻസൂറാണ് പിടിച്ചുപറി ആസൂത്രണം ചെയ്യുന്നത്. ഷുഹൈബാണ് പഴ്‌സും മറ്റും തട്ടിയെടുക്കുന്നത്. ഇങ്ങനെ കണ്ടെത്തുന്ന പണം ആർഭാട ജീവിതത്തിനാണ് മൂവരും ഉപയോഗിച്ചിരുന്നത്. ഒന്നാം പ്രതി മൻസൂർ മതിലകം, ആലപ്പുഴ, പുന്നപ്ര സ്റ്റേഷനുകളിൽ മോഷണം, പിടിച്ചുപറി കേസുകളിൽ പ്രതിയാണ്. പുതുക്കാട് യൂബർ ടാക്‌സി ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് ഷുഹൈബ്.

മരട് എസ്.എച്ച്.ഒ. വിനോദ്ചന്ദ്രൻ, എസ്.ഐ റെനീഷ്, എ.എസ്.ഐ രാജീവ്‌നാഥ്, സി.പി.ഒ അനുരാജ്, വി. വിനോദ്, എസ്.ഐ ജോസി, എ.എസ്.ഐ അനിൽകുമാർ, എസ്.ഐ. ഹരികുമാർ, എ.എസ്.ഐ റെജി എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.