
ന്യൂഡൽഹി: സ്വാശ്രയ മെഡിക്കൽ ഫീസ് പുനർനിർണയിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. ഇത് സംബന്ധിച്ച് ഫീസ് നിർണയസമിതിയ്‌ക്ക് സുപ്രീംകോടതി നിർദ്ദേശം നൽകി. നിശ്ചിത സമയത്തിനകം ഫീസ് പുനർനിർണയിക്കണം. സ്വാശ്രയ മാനേജ്‌മെന്റുകൾ സമിതിയുമായി സഹകരിക്കണമെന്നും കോടതി അറിയിച്ചു. സ്വാശ്രയ മെഡിക്കൽ ഫീസ് പുന പരിശോധിക്കണമെന്ന് മുൻപ് ഹൈക്കോടതി വിധിച്ചിരുന്നു. മാനേജ്‌മെന്റുകൾക്ക് അനുകൂലമായ ഈ വിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ആറ് ലക്ഷം രൂപ വരെയാണ് ഫീസ് നിർണയ സമിതി നിശ്ചയിച്ച ഫീസ്. എന്നാൽ ഇത് 17 ലക്ഷമായി ഉയർത്തണമെന്നായിരുന്നു മാനേജ്‌മെന്റുകളുടെ വാദം.
ഫീസ് നിർണയസമിതിയുടെ തീരുമാനം മാനേജ്‌മെന്റുകൾ നടപ്പാക്കണം എന്നാവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ സുപ്രിംകോടതിയെ സമീപിച്ചത്. ഈ ഹർജിയിലാണ് ഫീസ് പുനർനിർണയിക്കാൻ ജസ്‌റ്റിസ് എൽ.നാഗേശ്വർ റാവു അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. മുൻപ് 2016-2020 കാലയളവിൽ അഞ്ച് മുതൽ ആറ് ലക്ഷം വരെയായിരുന്നു ഫീസ് നിർണയ സമിതി നിശ്ചയിച്ച ഫീസ്. ഇത് 11 മുതൽ 17 ലക്ഷം വരെയായി ഉയർത്താൻ ആവശ്യപ്പെട്ട് മാനേജ്മെന്റുകൾ ഹൈക്കോടതിയെ സമീപിച്ചു. ഇവർക്ക് അനുകൂലമായി ഫീസ് പുനപരിശോധിക്കാൻ ഹൈക്കോടതി വിധിച്ചു. തുടർന്നാണ് ഇതിനെതിരെ സുപ്രീംകോടതിയെ സംസ്ഥാന സർക്കാർ സമീപിച്ചത്. സുപ്രീംകോടതി ഉത്തരവ് 12,000 കുട്ടികളെയാണ് ബാധിക്കുക.