
കൃഷി, ഷമീറിന്റെ  ജീവിതത്തോടൊപ്പം എന്നുമുണ്ടായിരുന്നു. വീട്ടിൽ അത്യാവശ്യം കൃഷിയുണ്ടായിരുന്നു. ഉപ്പാപ്പയായിരുന്നു അതിന്റെ കാര്യക്കാരൻ. പഠിച്ചത് കമ്പ്യൂട്ടർ ഹാർഡ് വെയറായിരുന്നെങ്കിലും ഷമീർ കുറച്ചുകാലം ഡ്രൈവറായി ജോലി നോക്കി. നെടുമങ്ങാട് അഗ്രികൾച്ചൽ മാർക്കറ്റ് റോഡിന് സമീപം പുളിഞ്ചീൽ സ്വദേശിയാണ്. ആറുവർഷം മുമ്പാണ് ഷമീർ കൃഷിയെ മനസിൽ പച്ചപ്പിടിപ്പിച്ചു തുടങ്ങിയത്. യാത്രകൾ ഏറെയിഷ്ടപ്പെടുന്ന ഷമീറിനെ കൃഷിയിലേക്ക് മാറ്റി ചിന്തിപ്പിച്ചതും ആ യാത്രകൾ തന്നെയായിരുന്നു. പലയിടങ്ങളിലായി കണ്ടുമുട്ടിയ വിളകളും കൃഷിയും മണ്ണും മനുഷ്യരുമെല്ലാം ഷമീറിനെയും ആ സ്വപ്നഭൂമികളുടെ ആരാധകനാക്കി മാറ്റി. കൃഷി തന്നെയാണ് ജീവിതം എന്ന തീരുമാനം കേരളത്തിന്റെ അങ്ങോളമിങ്ങോളം നടത്തിയ യാത്രകളിൽ നിന്നാണ് ഷമീറിന്റെ ഹൃദയത്തിൽ കൂടുക്കൂട്ടിയത്. ആ മനസിനുള്ള സമ്മാനമായിരുന്നു ഹൈടെക്ക് കർഷകനുള്ള സംസ്ഥാന പുരസ്ക്കാരം. ആ കഥ കൃഷി കൊണ്ട് വിജയകരമായി ജീവിക്കാമെന്ന് തെളിയിച്ച യുവകർഷകനായ എസ്. ഷമീർ പറയും.
*******************
ജോലിയുടെ ഭാ ഗമായി ഹോർട്ടികോർപ്പിലെ ഉദ്യോഗസ്ഥരുടെ കൂടെ ചില യാത്രകൾ നടത്തിയിരുന്നു. ആ യാത്രകളും അനുഭവങ്ങളുമാണ് എന്നെ കർഷകനാക്കിയത്. കൃഷിപ്പണിയുടെ തിരക്കിലും ഇപ്പോഴും സമയം കിട്ടുമ്പോഴെല്ലാം ഞാൻ യാത്ര ചെയ്യും, മിക്കതും കാർഷികാവശ്യങ്ങൾക്കാണ്, എങ്കിലും ഓരോ യാത്രയിലും എന്തെങ്കിലും പഠിക്കാനുണ്ടാകും.ജോലി കൃഷിയാണോ എന്നൊരു കാഴ്ചപ്പാടുണ്ട്. കൃഷി ഒരിക്കലും ഒരു നഷ്ടമല്ല എന്നാണ് എന്റെ അനുഭവം. അതിനുള്ള മനസ് ഇല്ല എന്നതാണ് വാസ്തവം. കൃഷി, വീട്ടിൽ പശുവളർത്തൽ എന്നൊക്കെ പറയുമ്പോൾ തന്നെ അത് കഠിനമാണെന്ന മുൻവിധിയാണ് അതിനോടുള്ള താത്പര്യം ഇല്ലാതാക്കുന്നത്. അതുകൊണ്ടാണ് നമ്മൾ നൂറുശതമാനം മനസും മണ്ണിനായി മാറ്റിവയ്ക്കണമെന്ന് പറയുന്നത്. എങ്കിലേ കൃഷിഭൂമിയിൽ പച്ചപ്പുണ്ടാകുള്ളൂ. പ്രയാസമാണ് ഇതൊക്കെ എന്നു പറയാൻ എളുപ്പമാണ്, അങ്ങനെ അല്ലെന്ന് തെളിയിക്കണമെങ്കിൽ അസാദ്ധ്യ പരിശ്രമവും സമർപ്പണവും തന്നെ വേണം. കൃഷിയോടുള്ള താത്പര്യമില്ലാതെ വരുമ്പോൾ മണ്ണും വിത്തും വളങ്ങളും എല്ലാം നമ്മുടെ കയ്യിലുണ്ടെന്ന് പറഞ്ഞിട്ടും ഒരു കാര്യവുമില്ല. മണ്ണു പുരളാനും ചെളിപറ്റാനും ചാണകമെടുക്കാനും സമയം നോക്കാതെ ആവശ്യത്തിനുള്ളത് ചെയ്യാനുമെല്ലാം ഉള്ളിന്റെയുള്ളിൽ ഒരിഷ്ടം വേണം. നമ്മൾ കൃഷി ഒരു ജോലിയായി എടുക്കുമ്പോൾ അപ്രതീക്ഷിതമായി പലതും സംഭവിക്കാനുള്ള സാദ്ധ്യത ഉണ്ട്. കാലാവസ്ഥ മാറിയേക്കും, ചിലപ്പോൾ രോഗബാധ ഉണ്ടായേക്കാം, പ്രതീക്ഷിച്ച പോലെ വിളവ് കിട്ടാതിരിക്കാം... ഇങ്ങനെയൊക്കെ സംഭവിക്കുമ്പോൾ എല്ലാം തീർന്നെന്ന് കരഞ്ഞിട്ടും വിഷമിച്ചിട്ടും ഒരു കാര്യമില്ല, അടുത്തത് ഇനി എന്താണ് എന്ന് ആ നിമിഷത്തിൽ തോന്നണം, വാശിയോടെ അടുത്തത് പുതുതായി തുടങ്ങാനുള്ള തയ്യാറെടുപ്പുകൾ നടത്തണം. അങ്ങനെ പകുതിവഴിയിൽ ഇട്ടിട്ടു പോകാനല്ലല്ലോ നമ്മൾ തുടങ്ങിയതെന്നാണ് ഞാൻ എപ്പോഴും ചിന്തിക്കുന്നത്.
********************

കൃഷി പ്രൊഫഷനാക്കാൻ തീരുമാനിച്ചപ്പോഴാണ് ഞാൻ ഹൈടെക്ക് കൃഷി രീതിയായ പോളിഹൗസിലേക്ക് കടന്നത്.സുഹൃത്ത് ഷംസുദ്ദീനുണ്ടായിരുന്നു കൂടെ. പ്രകൃതിയെ വിളകൾക്കനുസൃതമായി നിയന്ത്രിച്ച് വളർത്താൻ കഴിയുമെന്നതാണ് ഈ കൃഷിരീതിയുടെ പ്രത്യേകത. അതോടൊപ്പം തന്നെ ചൂട്, മഴ, തണുപ്പ്, വെയിൽ എന്നിവയിൽ നിന്നും സംരക്ഷണം നൽകി കാർഷിക വിളകളുടെ വളർച്ചയ്ക്ക് അനുയോജ്യമായ അന്തരീക്ഷം പോളിഹൗസിൽ ഒരുക്കാം.  ഇപ്പോൾ കേരളത്തിൽ നാനൂറോളം കൃഷിക്കാർ ഈ രീതിയിൽ ചെയ്യുന്നുണ്ട്. പരിസ്ഥിതിക്ക് ഏറെ അനുയോജ്യമാണ്. കൃഷി വകുപ്പ് ഇതിന് സബ്സിഡിയും നൽകുന്നുണ്ട്.
വീടുകളിലെ മട്ടുപ്പാവുകളിലാണെങ്കിൽ പോലും ഇവ സ്ഥാപിച്ച് കൃഷി ചെയ്യാൻ കഴിയും. ജി.ഐ.പൈപ്പിന്റെ ചട്ടക്കൂടുകൾ കൊണ്ടാണ് പോളിഹൗസ് നിർമ്മിക്കുന്നത്. എത്ര ചെറിയ സ്ഥലമാണെങ്കിലും അവിടെ നിന്നും കൂടുതൽ വിളവ് ഉറപ്പാക്കാൻ ഇവയിലൂടെ സാധിക്കും, അതോടൊപ്പം തന്നെ കീടരോഗങ്ങളിൽ നിന്നും സംരക്ഷണകവചം, ഗുണമേന്മയുള്ള ഉത്പന്നങ്ങൾ എന്നിവ ലഭിക്കുന്നത് മറ്റൊരു പ്രധാന ഘടകമാണ്. നമ്മുടെ കൃഷി രീതിയ്ക്ക് അനുയോജ്യമായി പോളിഹൗസ് എങ്ങനെ മാറ്റിയെടുക്കാൻ കഴിയുന്നു എന്നതിലാണ് വിജയം. ആദ്യ പോളിഹൗസ് ഞാൻ വാടകയ്ക്കാണെടുത്തത്. ഇസ്രായേൽ കാർഷികവിദ്യയാണ് പോളിഹൗസുകൾ. കാലാവസ്ഥയെ അനുകൂലമാക്കുന്നതിന് അവർ ഈ സംവിധാനം ഏർപ്പെടുത്തി ഏറെ മുന്നോട്ടു പോകുന്നു. പ്രകൃതിയുടെ മറ്റു അനുഗ്രഹങ്ങളെല്ലാമുള്ള നമ്മൾ അതൊന്നും ഫലപ്രദമായി ഉപയോഗിക്കുന്നില്ലെന്നാണ് എന്റെ വിലയിരുത്തൽ. നമ്മൾ കൃഷി കൃഷി എന്ന് എപ്പോഴും പറയുമെങ്കിലും  ആദ്യ പരിഗണനയിലൊന്നും കൃഷി ഇല്ലെന്നാണ് ഞാൻ മനസിലാക്കുന്നത്. എങ്കിലും ലോക്ക് ഡൗൺ കാലത്ത് കുറേ  നാൾ വീട്ടിലിരുന്നപ്പോൾ ആളുകൾക്ക് കൃഷിയോട് താത്പര്യമുണ്ടായിട്ടുണ്ട്. എന്തെങ്കിലും ചെയ്യണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നവരുണ്ട്. എന്നെ ഒരുപാട് പേർ വിവരങ്ങളറിയാനൊക്കെ വിളിക്കുന്നുണ്ട്, സത്യസന്ധമായി സഹായം തേടുന്നവരെ പ്രോത്സാഹിപ്പിക്കാറുണ്ട്. സുഹൃത്തുക്കൾ ഉൾപ്പെടെയുള്ള കുറച്ച് യുവാക്കളെ കൃഷിയിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കത്തിലാണിപ്പോൾ ഞാൻ.
********************

ഷുഗർ വെള്ളരി എന്ന് നമ്മൾ വിളിക്കുന്ന സാലഡ് വെള്ളരിയാണ് ഞാൻ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത്. പാലക്ക് ചീരയും അത്രയും തന്നെ പ്രാധാന്യത്തോടെ കൃഷി ചെയ്യുന്നു. പ്രമേഹരോഗികൾക്ക് ഉപകാരപ്പെടുമെന്നതിനാൽ ഷുഗർവെള്ളരിക്ക് സ്ഥിരമായുള്ള ഉപഭോക്താക്കളുണ്ട്. ഇവയുടെ വിത്ത് നാട്ടിൽ 3- 4  രൂപയ്ക്ക് ലഭിക്കും, പുറത്ത് ഏഴുരൂപ മുതൽ പന്ത്രണ്ട് രൂപ വരെയുണ്ട്. പാവയ്ക്ക ഒക്കെ ഉണ്ട്. പരാഗണം പരാജയപ്പെടുന്നത് ഒഴിവാക്കാനുള്ള ഹൈബ്രിഡ് രീതിയായ പാർത്തനോകാർപ്പിയാണ് ഇപ്പോൾ പരീക്ഷിക്കുന്നത്. എന്റെ കൃഷിയിടങ്ങൾ അനുഭവങ്ങളുടെയും പരീക്ഷണങ്ങളുടെയും വേദികളാണെന്ന് പറയാം. അനുഭവങ്ങൾ മാത്രമാണ് എന്റെ മുന്നിലുള്ളത്. അല്ലാതെ മറ്റു മാതൃകകളോ, പരിശീലന ക്ളാസുകളോ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. എല്ലാവരും പോളിഹൗസ് നിറുത്തിപ്പോകുന്ന സമയത്ത് ഇത് പരീക്ഷിച്ച് തുടങ്ങിയ ഒരാളാണ് ഞാൻ. കൃഷിയിടത്തിലെ 90 ശതമാനം ജോലികളും ചെയ്യുന്നത് ഞാൻ ഒറ്റയ്ക്കാണ്. ഇത്തവണത്തെ ഹൈടെക്ക് വിഭാഗത്തിലെ മികച്ച കർഷകനായി എന്നെ പുരസ്കാരത്തിന് പരിഗണിച്ചതും ഈ കാര്യം കൊണ്ടാണെന്നാണ് ഞാൻ മനസിലാക്കുന്നത്. ഇടനിലക്കാരില്ലാതെ ഉത്പന്നങ്ങളുടെ വിൽപ്പനയും ഞാൻ നേരിട്ടാണ് ചെയ്യുന്നത്. നാട്ടിലെ കടകൾ, ചന്തകൾ, കൃഷി വകുപ്പിന്റെ ഇക്കോ ഷോപ്പുകൾ എന്നിവ വഴിയാണ് വിൽപ്പന. വാട്സാപ്പ് കൂട്ടായ്മകൾ വഴിയും ഫ്ളാറ്റുകളിലുള്ള നേരിട്ട് വിൽപ്പനയുമുണ്ട്. ഫ്ളാറ്റ് വിപണിയാണ് ഇനി കൂടുതൽ ലക്ഷ്യമിടുന്നത്. വ്യത്യസ്ത പച്ചക്കറി ഇനങ്ങൾ കൂടി ഉൾപ്പെടുത്താനും പദ്ധതിയുണ്ട്. കൃഷിയിടത്തിലെ മാലിന്യങ്ങൾ റീസൈക്കിൾ ചെയ്ത് ദ്രവരൂപത്തിലാക്കി വീണ്ടും ഉപയോഗിക്കും. മണ്ണന്തല ഇടവക്കോട് 400 സ്ക്വയർ മീറ്റർ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നുണ്ട്. അവിടെ വിളവെടുത്ത് കഴിയുമ്പോൾ അടുത്തകൃഷി സ്വന്തം പുരയിടമായിരിക്കും. വിപണി ഏതായാലും ഒരേ വിലയ്ക്കായിരിക്കും വിൽപ്പന.  ബാപ്പ സെയ്ഫുദീനും ഉമ്മ സെലീനയും ഭാര്യ തസ്ലീമയും ഉൾപ്പെടുന്ന കുടുംബവും പിന്തുണ നൽകുന്നു. കൃഷിപ്പണിയിൽ വീട്ടിൽ ആദ്യം ഒരു ആശങ്കയുണ്ടായിരുന്നു, പിന്നീടത് കാലക്രമത്തിൽ മാഞ്ഞുപോയി.ഏതാവശ്യത്തിനും വിളിച്ചാൽ ഓടിയെത്തുന്ന കൂട്ടുകാരായ ഷിയാസ്, മുനീർ,ഷഹനാസ്,ഹർഷാദ്, മരുമകനായ ആസിഫ് എന്നിവരുണ്ട് കൂടെ.
ഷമീറിന്റെ ചിരിയിൽ നടന്നു തീർന്ന വഴികളുടെ ആത്മവിശ്വാസം തെളിഞ്ഞു. ഏത് സാങ്കേതിക വിദ്യയും ഇവിടെയുള്ള സാഹചര്യത്തിൽ എത്രത്തോളം നടപ്പിലാക്കാൻ സാധിക്കുന്നു എന്നതിലാണ് കൃഷിയുടെ വിജയമെന്നാണ് ഷമീറിന്റെ ജീവിതപാഠം. കന്നുകാലികൾ, തേനീച്ച, കോഴി ഉൾപ്പെടെയുള്ള കുറച്ചു കൂടി വലിയ കാൻവാസിലെ ഹൈടെക്ക് ഫാം എന്ന സ്വപ്നത്തിലേക്ക് നടക്കുകയാണ് ഷമീർ, അതിന് മുമ്പ് മനസിന്റെ പച്ചപ്പിനായി വീണ്ടുമൊരു യാത്രയുമുണ്ട്.