pocso

തിരുവനന്തപുരം: കൊവിഡിനെ തുടർന്ന് ലോക്ക് ‌ഡൗൺ പ്രഖ്യാപിച്ച സംസ്ഥാനത്ത് കഴിഞ്ഞ വർഷം രജിസ്‌റ്റർ ചെയ്ത പോക്‌സോ കേസുകളിൽ തലസ്ഥാനത്തിന് രണ്ടാം സ്ഥാനം. 2020ൽ കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമം തടയൽ നിയമപ്രകാരം 351 കേസുകളാണ് ജില്ലയിൽ രജിസ്‌റ്റർ ചെയ്തതെന്ന് സംസ്ഥാന ക്രൈം റെക്കാർഡ്സ് ബ്യൂറോയുടെ കണക്കുകളിൽ പറയുന്നു. ഇതിൽ 111 കേസുകൾ തിരുവനന്തപുരം സിറ്റി പൊലീസ് പരിധിയിലും 240 കേസുകൾ റൂറൽ പൊലീസ് പരിധിയിലുമാണ്. 2019ൽ ഇത് യഥാക്രമം 151 ഉം 313 ആയിരുന്നു. ആകെ 113 കേസുകളുടെ വർദ്ധനയാണ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തിന് മുന്നിലുള്ളത് മലപ്പുറം ജില്ലയാണ്,​ 379 കേസുകൾ.

 ലൈംഗിക വേട്ടക്കാർ കൂടുന്നു
കുട്ടികൾ വീടുകളിൽ പോലും സുരക്ഷിതരല്ലെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന വേട്ടക്കാർ കുടുംബാംഗങ്ങളിൽ തന്നെ ഉണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങളെ സാധൂകരിക്കുന്ന സംഭവങ്ങളാണ് വീടുകളിൽ അരങ്ങേറുന്നതും. ഈ കേസുകളിൽ പ്രതികളെല്ലാം തന്നെ കുടുംബാംഗങ്ങളോ ബന്ധുക്കളോ ആണെന്നതാണ് മറ്റൊരു വസ്തുത. മുത്തച്ഛൻ, രണ്ടാനച്ഛൻ, അമ്മാവൻ തുടങ്ങിയവരിൽ നിന്നാണ് കുട്ടികൾക്ക് ലൈംഗികാതിക്രമം കൂടുതലായി നേരിടേണ്ടി വന്നിട്ടുള്ളത്.കുടുംബവുമായി വളരെ അടുപ്പമുള്ള പരിചയക്കാരിൽ നിന്ന് പീഡനം നേരിടേണ്ടി വന്ന കുട്ടികളുമുണ്ട്. ഭീഷണിപ്പെടുത്തി നിശ്ശബ്ദരാക്കുമെന്നതിനാൽ തന്നെ പലപ്പോഴും ഇത്തരം സംഭവങ്ങൾ പുറത്തറിയാതെ പോകാറാണ് പതിവ്.

ഇപ്പോൾ രജിസ്‌റ്റർ ചെയ്തിരിക്കുന്ന കേസുകളിൽ ഏറിയ പങ്കും മുമ്പ് നടന്നവയാണ്. ലോക്ക് ഡൗൺ സമയത്ത് സ്കൂളുകൾ അടച്ചതോടെ കുട്ടികൾ വീട്ടിൽ ഏറെ സമയം ചെലവിട്ടപ്പോഴാണ് പീഡനത്തിന് ഇരയായ വിവരം പലരും അച്ഛനമ്മമാരോട് പറ‍ഞ്ഞതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ലോക്ക് ഡൗൺ സമയത്ത് ലൈംഗിക ചൂഷണത്തിന് ഇരയായവരും ഉണ്ട്.

വീടുകളിൽ കുട്ടികൾക്കു നേരെയുള്ള ലൈംഗിക പീഡന കേസുകളിൽ മുമ്പെങ്ങുമില്ലാത്ത വർദ്ധനയുണ്ടായതായി ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൻ അഡ്വക്കേറ്റ് എൻ.സുനന്ദയും വ്യക്തമാക്കി.