
തിരുവനന്തപുരം: പ്രശസ്‌ത കവി വിഷ്‌ണുനാരായണൻ നമ്പൂതിരി അന്തരിച്ചു. 81 വയസായിരുന്നു. തിരുവനന്തപുരം തൈക്കാട്ടെ വസതിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു അദ്ദേഹം.
സാഹിത്യലോകത്ത് തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ചയാളാണ് വിഷ്‌ണുനാരായണൻ നമ്പൂതിരി. വിവിധ സർക്കാർ കോളേജുകളിൽ ഇംഗ്ളീഷ് വിഭാഗം അദ്ധ്യാപകനായി ദീർഘനാൾ ജോലി ചെയ‌്തിട്ടുണ്ട്. അതേസമയംതന്നെ മലയാളത്തിലും സംസ്‌കൃതത്തിലുമുള്ള അദ്ദേഹത്തിന്റെ അഗാധമായ പാണ്ഡിത്യം എടുത്തുപറയേണ്ടതാണ്.
ഉജ്ജയിനിയിലെ രാപ്പകലുകൾ, ചാരുലത, ഭൂമിഗീതങ്ങൾ, പ്രണയഗീതങ്ങൾ തുടങ്ങി നിരവധി കവിതാസമാഹരങ്ങൾ അദ്ദേഹം മലയാളിക്ക് നൽകി. എഴുത്തച്ഛൻ പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, രണ്ട് തവണ കേരളസാഹിത്യ അക്കാദമി പുരസ്‌കാരം, വയലാർ അവാർഡ്, വള്ളത്തോൾ പുരസ്‌കാരം, ഓടക്കുഴൽ അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചു. 2014ൽ പദ്‌മശ്രീ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.സംസ്‌കാരം നാളെ ഉച്ചയ‌്ക്ക് രണ്ട് മണിക്ക് തൈക്കാട് ശന്തികവാടത്തിൽ.