naomi-osaka

1997 ഒക്ടോബർ 16ന് ജപ്പാനിലെ ഹോൻഷു ദ്വീപിലുള്ള ഒസാകയിൽ നവോമി ജനിക്കുമ്പോൾ അങ്ങ് അമേരിക്കയിൽ സെറീന വില്യംസ് പ്രൊഫഷണൽ ടെന്നിസിൽ അരങ്ങേറ്റം കുറിച്ചിട്ട് രണ്ട് കൊല്ലം തികഞ്ഞിരുന്നു. 21 വർഷങ്ങൾക്ക് ശേഷം അതേ സെറീനയെ ന്യൂയോർക്കിലെ യു.എസ് ഓപ്പൺ ഫൈനൽ വേദിയിൽ മലയർത്തിയടിച്ച് നവോമി ആദ്യ ഗ്രാൻസ്ളാം കിരീടമുയർത്തി. ഇക്കഴിഞ്ഞയാഴ്ച കളിച്ച നാലാമത്തെ ഗ്രാൻസ്ളാം ഫൈനലിലും കിരീടം നേടി നവോമി നവടെന്നീസിന്റെ നായികയായി മാറിയിരിക്കുന്നു. സ്റ്റെഫി ഗ്രാഫും മോണിക്ക സെലസും ജസ്റ്റിൻ ഹെനിനും സെറീനയുമൊക്കെ അടക്കിവാണ വനിതാടെന്നീസിന്റെ ഭാവി നവോമിയുടെ റാക്കറ്റിന്റെ ചലനങ്ങൾ നിശ്ചയിക്കുമെന്നാണ് കളിക്കളങ്ങൾ ഉറക്കെ വിളിച്ചുപറയുന്നത്. അതിന്റെ ദൃഷ്ടാന്തമായിരുന്നു ഇത്തവണത്തെ ആസ്ട്രേലിയൻ ഓപ്പണിലെ കിരീടനേട്ടം.

ഒപ്പമുണ്ട് ഒസാക്ക

ഹെയ്തി സ്വദേശിയായ ലിയനാഡ് ഫ്രാങ്കോ യുഎസിൽനിന്നു പഠനാർഥം ജപ്പാനിലെത്തിയപ്പോടാണ് ഒസാക്കക്കാരിയായ തമാക്കിയെ കണ്ടതും ഇഷ്‌പ്പെട്ടതും ജീവിതത്തിലേക്കു കൂട്ടിയതും. തന്റെ പേരിനാെപ്പം ജന്മനാടായ ഒസാക്കയും തമാക്കി ഒപ്പം കൂട്ടിയിരുന്നു. തനിക്ക് മകളുണ്ടായപ്പോഴും ജാപ്പനീസ് തനിമയുള്ള പേരാണ് തമാക്കി തേടിപ്പോയത്,നവോമി.നവോ എന്ന ജാപ്പനീസ് വാക്കിന് വിശ്വസ്തതയുള്ള, തുറന്നു പറയുന്ന എന്നൊക്കെയാണർഥം. മി എന്നാൽ സൗന്ദര്യമുള്ളത്. ഇതിനാെപ്പം അമ്മനാടായ ഒസാക്കയും കൂട്ടിച്ചേർത്തു. അങ്ങനെ നവോമി ഒസാക്കയായി.

അമേരിക്കയിലേക്ക്


കുഞ്ഞുനവോമിക്ക് മൂന്ന് വയസുള്ളപ്പോഴാണ് പിതാവ്ഫ്രാങ്കോകുടുംബത്തെയും കൂട്ടി അമേരിക്കയിലേക്ക് തിരിച്ചെത്തുന്നത്.1999ൽ ഫ്രഞ്ച് ഓപ്പൺ വനിതാ ഡബിൾസിൽ സെറീന വില്യംസും വീനസ് വില്യംസും ജേതാക്കളാകുന്നതു കണ്ടപ്പോൾ തന്റെ രണ്ടു വയസ്സുകാരി മകളേയും ടെന്നിസ് കോർട്ടിലേക്ക് ഇറക്കാൻ ഫ്രാങ്കോ തീരുമാനിക്കുന്നത്. യുഎസിലെത്തിയ ആദ്യ നാളുകളിൽ പരിശീലനത്തിനു സൗകര്യമില്ലാതെ ബുദ്ധിമുട്ടിയെങ്കിലും സാമ്പത്തിക ഭദ്രത കൈവരിച്ചതോടെ നവോമിക്കും ചേച്ചി മാറിക്കും പരിശീലനമൊരുക്കാൻ കുടുംബം വിവിധ സ്ഥലങ്ങളിലേക്കു താമസം മാറി. പരിശീലകന്റെ ദൗത്യം ഫ്രാങ്കോ സ്വയമേറ്റെടുത്തു.

നേട്ടങ്ങളുടെ നെറുകയിലേക്ക്

നേട്ടങ്ങളിലേക്കു നവോമി കുതിച്ചുകയറിയതു പെട്ടെന്നായിരുന്നു. മികച്ച അക്കാഡമികളിൽ പരിശീലനം നേടി ഐ.ടി.എഫ് ടൂർ സർക്യൂട്ടുകളിലൂടെ മിടുക്കു തെളിയിച്ചു. 2013 സെപ്തംബറിലാണ് പ്രഫഷണൽ ടെന്നിസ് സർക്യൂട്ടിലേക്ക് കാലെടുത്ത് വച്ചത്. അഞ്ചുവർഷത്തിനകം യുഎസ് ഓപ്പൺ ഫൈനലിൽ സാക്ഷാൽ സെറീന വില്യംസിനെ തോൽപിച്ച് കന്നി ഗ്രാൻസ്‌ലാം കിരീടത്തിലുമ്മവച്ചപ്പോഴേ വനിതാ ടെന്നിസിൽ പുതിയ യുഗത്തിനു തുടക്കമായെന്ന് വിദഗ്ധർ പ്രവചിച്ചു.

പിന്നീടു കളിച്ച മൂന്ന് ഗ്രാൻസ്ലാം ഫൈനലുകളിലും കിരീടം. ഫൈനൽ കളിച്ച ആദ്യ നാല് ഗ്രാൻസ്‌ലാമുകളിലും കിരീടം മറ്റാർക്കും വിട്ടുകൊടുക്കാതെ റോജർ ഫെഡററും മോണിക്ക സെലസും കൈവരിച്ച റെക്കോർഡിനൊപ്പം നിൽക്കുകയാണ് ഇപ്പോൾ ഒസാക. ഡബ്ളിയു.ടി.എ റാങ്കിംഗിൽ ഒന്നാമതെത്തുന്ന ആദ്യ ഏഷ്യൻ വനിതയുമായി. ഉദയസൂര്യന്റെ നാട്ടിൽനിന്നെത്തിയ നവസൂര്യനായാണ് നവോമിയെ ടെന്നിസ് ലോകം വാഴ്ത്തുന്നത്.

നട്ടെല്ലുള്ള നവോമി

കഴിഞ്ഞ വർഷം യുഎസ് ഓപ്പണിൽ വംശീയ വിദ്വേഷത്തിനെതിരായ നവോമിയുടെ ധീരമായ നിലപാടുകൾ ലോകമറിഞ്ഞു. യുഎസിൽ പൊലീസിന്റെയും തദ്ദേശീയരുടെയും ക്രൂരതയ്ക്ക് ഇരയായി ജീവൻ വെടിഞ്ഞ കറുത്ത വർഗക്കാരുടെയും അഭയാർഥികളുടെയും പേരുകളെഴുതിയ മാസ്‌ക്കുകൾ അണിഞ്ഞായിരുന്നു ഓരോ മത്സരത്തിലും ഒസാക ഇറങ്ങിയത്. ‘ബ്ലാക്ക് ലൈവ്‌സ് മാറ്റർ’ ക്യാംപെയ്ൻ സജീവമായി നിന്ന കാലത്ത് കോർട്ടിലെ അചഞ്ചല നിലപാടിലൂടെ നവോമി തന്റെ പൗരബോധം തുറന്നുകാട്ടി. പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് സിൻസിനാറ്റിയിലെ ഒരു ടൂർണമെന്റിൽനിന്നു നവോമി പിൻമാറിയതും താൻ ഏറ്റെടുത്ത വിഷയം ലോകശ്രദ്ധയിലേക്കെത്തിക്കാനാണ്.

മൂന്നാം വയസ്സിൽ മാതാപിതാക്കളോടാപ്പം ജപ്പാനിൽനിന്നും യു.എസിലെത്തിയ നവോമി തന്റെ കുട്ടിക്കാലത്തുതന്നെ അടുത്തറിഞ്ഞ അമേരിക്കൻ ജനതയുടെ വർണവെറി മനോഭാവത്തിനെതിരെ പോരാടാൻ ലഭിച്ച അവസരത്തിൽ നട്ടെല്ലുനിവർത്തി ധീരതയോടെ നിൽക്കുകയായിരുന്നു. ആ മനക്കരുത്താണ് കളിക്കളത്തിൽ എതിരാളികളെ നേരിടുമ്പോഴും ഈ 23കാരി പുറത്തെടുക്കുന്നത്.

ചിത്രശലഭമായി

ഈ ആസ്ട്രേലിയൻ ഓപ്പണിനിടെ ഏറ്റവും ശ്രദ്ധ ലഭിച്ച ഒരു ചിത്രം കോർട്ടിൽ നവോമിയെത്തേടിയെത്തിയ ചിത്രശലഭത്തിന്റേയായിരുന്നു. തന്റെ മുഖത്ത് പറ്റിച്ചേർന്ന ചിത്രശലഭത്തെ ശല്യപ്പെടുത്താതെ വാത്സല്യപൂർവ്വം കണ്ണുകൾ അടച്ചുനിന്ന നവോമിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

1997 - ജപ്പാനിലെ ഒസാക്കയിലെ ജനനം.

2000- അമേരിക്കയിലേക്ക് കുടിയേറ്റം

2006- ഫ്ളോറിഡയിലിൽ വിദ്ഗധ പരിശീലനം ആരംഭിച്ചു

2011- ഐ.ടി.എഫ് വനിതാ സർക്യൂട്ടിൽ ആദ്യ മത്സരം

2013- പ്രൊഫഷണൽ സർക്യൂട്ടിൽ പ്രവേശിച്ചു.

2016- ആസ്ട്രേലിയൻ ഓപ്പണിലൂടെ ഗ്രാൻസ്ളാം അരങ്ങേറ്റം

2018- യു.എസ് ഓപ്പണിലൂടെ ആദ്യ ഗ്രാൻസ്ളാം കിരീടം

2019-ആസ്ട്രേലിയൻ ഓപ്പൺ നേടി ഒന്നാം റാങ്കിൽ

2020- രണ്ടാം യു.എസ് ഓപ്പൺ

2021- രണ്ടാം ആസ്ട്രേലിയൻ ഓപ്പൺ,രണ്ടാം റാങ്ക്