vishnu-narayanan-nambooth

തിരുവനന്തപുരം: കവിതയിൽ ഒരു അവകാശവാദവുമില്ലാതെ നിലകൊണ്ട മഹാനായ കവിയെയാണ് വിഷ്‌ണു നാരായണൻ നമ്പൂതിരിയുടെ മരണത്തിലൂടെ മലയാളത്തിന് നഷ്‌ടമാകുന്നത്. 'വഴികാട്ടിയല്ല, ചെറുതുണമാത്രമെൻ കവിത' എന്നേ അദ്ദേഹം പറഞ്ഞിട്ടുളളൂ. കാളിദാസവിരചിതമായ ഋതുസംഹാരത്തിന്റെയും ഭാസവിരചിതമായ കർണഭാരത്തിന്റെയുമൊക്കെ പരിഭാഷ കവിത ചോർന്നുപോകാത്ത വിവർത്തനത്തിന്റെ മാതൃകയായാണ് അദ്ദേഹം ആസ്വാദകരിലേക്ക് എത്തിച്ചത്.

വിഷ്‌ണു നാരായണൻ നമ്പൂതിരിയുടെ കാവ്യലോകത്ത് മുഴങ്ങിനിൽക്കുന്ന വൃത്തങ്ങളുടെ, ഈണങ്ങളുടെ, താളങ്ങളുടെ വൈവിധ്യസമൃദ്ധി മലയാള സാഹിത്യ ലോകത്തിന്റെ വിലപ്പെട്ട ഈടുവയ്‌പ്പാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ഏഴാം ദശാബ്‌ദത്തിന്റെ അവസാനത്തിൽ തന്നെ മലയാള കവിതയ്ക്ക് ആ ദശാബ്ദത്തിന്റെ ഏറ്റവും വലിയ ഉപലബ്ധിയായി തന്റെ കവിതയെ വിലയിരുത്താൻ എൻ വി കൃഷ്‌ണവാരിയരെപ്പോലെ ഒരാളെ കൊണ്ട് സാധിച്ച വരിഷ്‌ഠകവി ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ട് ദശാബ്ദം പിന്നിടുമ്പോഴും ആ കാവ്യലോകം അതേ കരുത്തോടെ നിലനിർത്തി.

ഭാരതത്തിന്റെ ദാർശനിക സമനിലയെ തിരസ്‌കരിക്കാതെ തന്നെ പുത്തൻ ചന്തങ്ങളും ചാരുതകളും ക്ഷോഭങ്ങളും ആകാംക്ഷകളും ചാർത്തുന്ന മുദ്രകളെ അംഗീകരിക്കാൻ തനിക്കു വൈമുഖ്യമില്ലെന്ന് തെളിയിച്ച ഈ കവി ആ നിലപാടുകളിൽ നിന്ന് തെന്നിമാറിയതേയില്ല. സംസ്‌കൃത മലയാള കവിതാപാരമ്പര്യത്തിന്റെ വളക്കൂറുളള മണ്ണിൽ വേരുറപ്പിച്ച് പാശ്ചാത്യ സംസ്‌കൃതിയുടെ വായുവും വെളിച്ചവും ഉൾക്കൊണ്ടാണ് അദ്ദേഹത്തിന്റെ കാവ്യലോകം വളർന്നത്.

വേദാന്തത്തിലൂടെ വേദത്തോളം വളർന്ന കാളിദാസനും ശങ്കരാചാര്യരും ടാഗോറും നാരായണഗുരുവും ആശാനും വളളത്തോളും ഇടശ്ശേരിയും എൻ വിയും ജിയും വൈലോപ്പിളളിയും ഷേക്സ്പിയറും ഷെല്ലിയും കീറ്റ്‌സും യേറ്റ്‌സും ആ കാവ്യപഥത്തിലെ വഴിവിളക്കുകളായി. പഠിപ്പിക്കുന്ന അറിവുകളെക്കാൾ വേദം മൊഴിയുന്ന അനുഭൂതികൾക്ക് കാതോർക്കാനാണ് കവിയെന്നും താത്പര്യപ്പെട്ടിരുന്നത്. വിരക്തി തന്നെ ഒരു കാലത്തും ആകർച്ചിട്ടില്ലെന്ന് കവി തുറന്നുപറഞ്ഞിട്ടുമുണ്ട്.