
തിരുവനന്തപുരം: ജീവനുളള കവിതകൾ ബാക്കിനിർത്തി കാലയവനികയ്‌ക്കുളളിൽ മറഞ്ഞത് പാരമ്പര്യവും ആധുനികതയും ഒന്നുചേർന്ന കാവ്യസംസ്‌കാരത്തിന്റെ കാരണവരാണ്. തിരുവല്ല ഇരിങ്ങോലിവെ ശ്രീവല്ലി ഇല്ലത്ത് 1939 ജൂൺ രണ്ടിനാണ് വിഷ്‌ണു നാരായണൻ നമ്പൂതിരിയുടെ ജനനം. ഇംഗ്ലീഷ് ലക്ചററായി സർക്കാർ സർവീസിൽ പ്രവേശിച്ച അദ്ദേഹം സംസ്ഥാനത്തെ വിവിധ കോളേജുകളിൽ അദ്ധ്യാപകനായിരുന്നു.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽനിന്നും വകുപ്പ് അദ്ധ്യക്ഷനായി പിരിഞ്ഞതിന് ശേഷം കുടുംബക്ഷേത്രമായ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ ശാന്തിക്കാരനായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്നുവെങ്കിലും മലയാളത്തിലും സംസ്‌കൃതത്തിലും ആഗാധമായ പാണ്ഡിത്യമുളള വ്യക്തിയായിരുന്നു വിഷ്‌ണു നാരായണൻ നമ്പൂതിരി.
വേദങ്ങൾ, സംസ്‌കൃതസാഹിത്യം, യുറോപ്യൻ കവിത, മലയാളകവിത എന്നിവയുടെ ഒത്തുചേരൽ അദ്ദേഹത്തിന്റെ കവിതകളിൽ എന്നും പ്രകടമായിരുന്നു. ആത്മീയ ചൈതന്യം തുടിച്ചു നിന്ന വിഷ്‌ണുനാരായണൻ നമ്പൂതിരി കവിതകളിൽ വർത്തമാനകാലവും ഭൂതകാലവുമൊക്കെ നിറഞ്ഞുനിന്നിരുന്നു. ഉജ്ജയനിയിലെ രാപ്പകലുകൾ, ഇന്ത്യയെന്ന വികാരം തുടങ്ങിയ കവിതകളിലൊക്കെ കാളിദാസ കവിതകളുമായുളള അദ്ദേഹത്തിന്റെ ഐക്യം ദർശിക്കാൻ കഴിയും. മലയാളത്തിലെ ആധുനിക എഴുത്തുകാർക്കിടയിൽ, പാരമ്പര്യവുമായുളള ബന്ധംകൊണ്ട് ഒറ്റപ്പെട്ടുനിൽക്കുന്ന കവിയാണ് വിഷ്‌ണു നാരായണൻ നമ്പൂതിരിയെന്നതിൽ സാഹിത്യ ലോകത്ത് രണ്ട് അഭിപ്രായമില്ല.
പരിക്രമം,ശ്രീവല്ലി,രസക്കുടുക്ക,തുളസീ ദളങ്ങൾ,എന്റെ കവിത എന്നീ കവിതാ സമാഹാരങ്ങളും അസാഹിതീയം,കവിതയുടെ ഡി എൻ എ,അലകടലും നെയ്യാമ്പലുകളും എന്നീ നിരൂപണങ്ങളുംഗാന്ധി-പുതിയ കാഴ്ചപ്പാടുകൾ സസ്യലോകം,ഋതുസംഹാരം എന്നീ വിവർത്തനങ്ങളുമദ്ദേഹം രചിച്ചിട്ടുണ്ട്.കൂടാതെ പുതുമുദ്രകൾ,ദേശഭക്തികവിതകൾ,വനപർവ്വം,സ്വാതന്ത്ര്യസമര ഗീതങ്ങൾ എന്നീ കൃതികൾ സമ്പാദനം ചെയ്യുകയും കുട്ടികൾക്കായി കുട്ടികളുടെ ഷേക്സ്പിയർ എന്ന കൃതി രചിക്കുകയും ചെയ്തിട്ടുണ്ട്.
പത്മശ്രീ പുരസ്കാരം (2014), എഴുത്തച്ഛൻ പുരസ്കാരം (2014), കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (1994), കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (1979), കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം (2010), വയലാർ പുരസ്കാരം - (2010), വള്ളത്തോൾ പുരസ്കാരം - (2010), ഓടക്കുഴൽ അവാർഡ് -(1983) , മാതൃഭൂമി സാഹിത്യപുരസ്കാരം (2010), പി സ്മാരക കവിതാ പുരസ്കാരം (2009) എന്നീ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.