
വിജയ് ഹസാരെ ട്രോഫിയിൽ ഇരട്ട സെഞ്ച്വറിയുമായി പൃഥ്വി ഷാ(152 പന്തുകളിൽ പുറത്താകാതെ 227 റൺസ് )
പോണ്ടിച്ചേരിക്കെതിരെ മുംബയ്ക്ക് റെക്കാഡ് സ്കോർ,457/4
ജയ്പൂർ : ആസ്ട്രേലിയൻ പര്യടനത്തിലെ മോശം ഫോമിന്റെ പേരിൽ ഇന്ത്യൻ ടീമിൽ നിന്ന് 'ഔട്ടാ'ക്കപ്പെട്ട മുംബയ് ബാറ്റ്സ്മാൻ പൃഥ്വി ഷാ വിജയ് ഹസാരെ ട്രോഫിയിൽ തന്റെ വെടിക്കെട്ട് പ്രകടനം തുടരുന്നു.കഴിഞ്ഞ ദിവസം ഡൽഹിക്കെതിരെ സെഞ്ച്വറി നേടിയ ഷാ ഇന്നലെ ദുർബലരായ പോണ്ടിച്ചേരിക്കെതിരെ ഇരട്ട സെഞ്ച്വറിയാണ്(227 റൺസ്) സ്വന്തമാക്കിയത്. സെഞ്ച്വറിയുമായി ഇന്ത്യൻ ടീമിലേക്ക് ആദ്യക്ഷണം ലഭിച്ചിരിക്കുന്ന സൂര്യകുമാർ യാദവും(133) കൂടിച്ചേർന്നപ്പോൾ വിജയ് ഹസാരെ ട്രോഫിയിലെ റെക്കാഡ് സ്കോറായ 457/4 ഉയർത്തിയ മുംബയ് 233 റൺസിന് വിജയിക്കുകയും ചെയ്തു.മറുപടിക്കിറങ്ങിയ പോണ്ടിച്ചേരി 38.1 ഓവറിൽ 224 റൺസിന് ആൾഔട്ടാവുകയായിരുന്നു.
ഇന്നലെ ശ്രേയസ് അയ്യരുടെ അഭാവത്തിൽ ക്യാപ്ടനായി സ്ഥാനക്കയറ്റം ലഭിച്ച പൃഥ്വി ഷാ ഓപ്പണറായിറങ്ങിയാണ് ഇരട്ടസെഞ്ച്വറി കുറിച്ചത്.
152 പന്തുകൾ നേരിട്ട ഷാ, 31 ഫോറും അഞ്ച് സിക്സും സഹിതം 227 റൺസുമായി പുറത്താകാതെ നിന്നു.
വെറും 27 പന്തിലാണ് അർധസെഞ്ച്വറി പിന്നിട്ടത്. 65 പന്തിൽ സെഞ്ച്വറിയും 104 പന്തിൽ 150ഉം പിന്നിട്ടു.
142 പന്തുകളാണ് ഇരട്ടസെഞ്ച്വറിയിലെത്താൻ വേണ്ടി വന്നത്.
ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടുന്ന എട്ടാമത്തെ ഇന്ത്യൻ താരമാണ് ഷാ.
ട്വന്റി20യെയും വെല്ലുന്ന ഇന്നിംഗ്സുമായി കളംനിറഞ്ഞ സൂര്യകുമാർ 58 പന്തിൽ 133 റൺസടിച്ചു.
22 ഫോറും നാലു സിക്സും ഉൾപ്പെടുന്നതാണ് സൂര്യകുമാറിന്റെ ഇന്നിംഗ്സ്.
മൂന്നാം വിക്കറ്റിൽ പൃഥ്വി ഷാ – സൂര്യകുമാർ സഖ്യം ഇരട്ടസെഞ്ചുറി കൂട്ടുകെട്ട് തീർത്താണ് മുംബൈയ്ക്ക് റെക്കോർഡ് സ്കോർ സമ്മാനിച്ചത്. വെറും 91 പന്തുകൾ നേരിട്ട സഖ്യം 201 റൺസാണ് അടിച്ചുകൂട്ടിയത്.
ഡൽഹിക്കെതിരായ മത്സരത്തിൽ 89 പന്തുകൾ നേരിട്ട പൃഥ്വി ഷാ, 15 ഫോറും രണ്ടു സിക്സും സഹിതം 105 റൺസുമായി പുറത്താകാതെ നിന്നിരുന്നു.
കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തിൽ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന ഷായെ, മോശം ഫോമിനെ തുടർന്ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽനിന്ന് ഒഴിവാക്കിയിരുന്നു.
ക്യാപ്ടനായി ഇറങ്ങി ഒരു ലിസ്റ്റ് എ മത്സരത്തിൽ നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണ് പൃഥ്വി ഷായുടേത്.ഗ്രേം പൊള്ളോക്ക് (222*),സെവാഗ് (219),രോഹിത് (208*) എന്നിവരാണ് ഇതിന് മുമ്പ് ലിസ്റ്റ് എ ക്രിക്കറ്റിൽ ക്യാപ്ടനായി ഇറങ്ങി ഇരട്ടസെഞ്ച്വറി നേടിയവർ.
268 റൺസ് നേടിയ സറേ താരം അലി ബ്രൗണിന്റെ പേരിലാണ് ലിസ്റ്റ് എ ക്രിക്കറ്റിലെ ഉയർന്ന വ്യക്തിഗത സ്കോറിന്റെ റെക്കാഡ്.
മുംബയ് റെക്കാഡ്
വിജയ് ഹസാരെ ട്രോഫിയിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന സ്കോറെന്ന റെക്കാഡാണ് മുംബയ് സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം മധ്യപ്രദേശിനെതിരെ ജാർഖണ്ഡ് സ്വന്തമാക്കിയ 422/9 റൺസിന്റെ റെക്കാഡാണ് തകർത്തത്.