
കിളിമാനൂർ : തട്ടത്തുമലയിൽ ഭാര്യാപിതാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിലായെങ്കിലും സ്വന്തം മകന്റെ ജീവൻ പോലും അപകടത്തിലാക്കിക്കൊണ്ട് എങ്ങനെ അതിന് മനസുവന്നു എന്നത് അന്വേഷണ ഉദ്യോഗസ്ഥരെയും ബന്ധുക്കളെയും ഒരു പോലെ ആശ്ചര്യപ്പെടുത്തുകയാണ്. ഭാര്യാപിതാവിനെ വാഹനം ഇടിച്ചു കൊലപ്പെടുത്താൻ ഒരുങ്ങുമ്പോൾ പകയുടെ തിമിരം കാരണം സ്വന്തം മകനെ പോലും കാണാൻ അബ്ദുൽ സലാമിന് കഴിഞ്ഞില്ല എന്നതാണ് സത്യം.
പ്രതിയായ അബ്ദുൽ സലാമും ഭാര്യയും തമ്മിൽ കൊട്ടാരക്കര കുടുംബ കോടതിയിൽ കേസ് നിലവിലുണ്ട്. സലാം തന്റെ വസ്തുക്കൾ സഹോദരങ്ങളുടെയും സുഹൃത്തുക്കളുടെയും പേരിലേക്ക് മാറ്റിയിരുന്നു. ഇതിന് ഭാര്യ കൊട്ടാരക്കര കുടുംബ കോടതിയിൽ നിന്ന് സംഭവ ദിവസം സ്റ്റേ വാങ്ങിയിരുന്നു. ഈ ഉത്തരവ് നടപ്പിലാക്കാൻ സലാമിന്റെ സഹോദരി സഫിയയുടെ വീട്ടിലേക്ക് പോകുന്നതിനായി ഭാര്യാ പിതാവും മകനും കോടതി ഉദ്യോഗസ്ഥനും കൂടി തട്ടത്തുമലയിൽ എത്തിയപ്പോഴാണ് പക മൂത്ത് അബ്ദുൽ സലാം, ഭാര്യാപിതാവിനെ കാർ ഇടിച്ച് കൊലപ്പെടുത്തിയത്. ഇതിനിടയിൽ മകൻ അഫ്സലിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
15 വർഷം മുമ്പാണ് യഹിയയുടെ മകൾ അനീസയെ അബ്ദുൽ സലാം വിവാഹം കഴിച്ചത്. വിദേശത്തായിരുന്ന സലാമും ഭാര്യയും തമ്മിൽ വഴക്ക് പതിവായിരുന്നു. കഴിഞ്ഞ 9 മാസമായി ഇവർ പിണങ്ങി കഴിയുകയാണ്. കുടുംബകോടതിയിലും മജിസ്ട്രേറ്റ് കോടതിയിലും കേസുണ്ട്. ഇയാളുടെ പേരിലുള്ള വസ്തുവകകൾ കോടതി അറ്റാച്ച് ചെയ്തിരുന്നു. ഇത് കടുത്ത വിരോധത്തിന് കാരണമായി.
ഭാര്യാപിതാവിനെ കാർ ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മടത്തറ തുമ്പമൺതൊടി സലാം മൻസിലിൽ എം.അബ്ദുൽ സലാമിന് കുരുക്കായത് സംഭവത്തിന് ദൃക്സാക്ഷിയായ സ്വന്തം മകന്റെ മൊഴി. കടയ്ക്കൽ മടത്തറ തുമ്പമൺതൊടി എ.എൻ.എസ് മൻസിലിൽ യഹിയയെ (75) അബ്ദുൾ സലാം മനഃപൂർവ്വം കാറിടിച്ച് തെറിപ്പിച്ചതാണെന്നാണ് സംഭവസമയം യഹിയയ്ക്ക് ഒപ്പമുണ്ടായിരുന്ന അബ്ദുൾസലാമിന്റെ മകൻ മുഹമ്മദ് അഫ്സലിന്റെ മൊഴി.
സംഭവത്തിൽ മുഹമ്മദ് അഫ്സലും പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. വാപ്പയും ഉപ്പച്ചിയുമായി കുടുംബപ്രശ്നത്തെ തുടർന്ന് ഏറെനാളായി പിണക്കത്തിലാണെന്നും കോടതി ജീവനക്കാരനുമായി ഉപ്പയെത്തിയത് അറിഞ്ഞ് ദേഷ്യപ്പെട്ടെത്തിയ അബ്ദുൾ സലാം യഹിയയെ പിന്നിലൂടെ കാറോടിച്ചെത്തി ഇടിച്ചുകൊല്ലുകയായിരുന്നുവെന്നുമാണ് അഫ്സൽ പൊലീസിനോട് വെളിപ്പെടുത്തിയത്. അഫ്സലിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത അബ്ദുൾ സലാം ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതോടെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തട്ടത്തുമല പാറക്കടയിൽ ചൊവ്വാഴ്ച വൈകിട്ട് 5.30ന് ആയിരുന്നു സംഭവം.
പാറക്കടയിൽ റോഡരികിൽ യഹിയയും അഫ്സലും നിൽക്കുന്നതു കണ്ട് കാറിന്റെ വേഗം കൂട്ടി ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നാണ് ആശുപത്രി കിടക്കയിൽ നിന്ന് അഫ്സൽ പൊലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി യഹിയ മരിച്ചു. അബ്ദുൾസലാമിനെ കിളിമാനൂർ പൊലീസ് അറസ്റ്റ് കോടതിയിൽ ഹാജരാക്കി.
സാഹചര്യത്തെളിവുകളും സാക്ഷി മൊഴിയും അടിസ്ഥാനമാക്കി പൊലീസ് നടത്തിയ അന്വേഷണമാണ് അപകടമെന്ന് ആദ്യം കരുതിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. ആറ്റിങ്ങൽ ഡിവൈ.എസ്.പി ഗോപകുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.