
വാഷിംഗ്ടൺ: ഗ്രീൻ കാർഡ് വിലക്ക് പിൻവലിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇന്ത്യക്കാരുൾപ്പെടെ നിരവധി പേർക്ക് ആശ്വാസമാകുന്ന തീരുമാനമാണിത്. 2020 അവസാനം വരെ ഗ്രീൻ കാർഡ് വിതരണം നിറുത്തി ആദ്യം പുറപ്പെടുവിച്ച ഉത്തരവ് അധികാരത്തിൽ നിന്ന് ഒഴിയുന്നതിന് തൊട്ടുമുമ്പ്, മാർച്ച് അവസാനം വരെയാക്കി മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ദീർഘിപ്പിച്ചിരുന്നു. കൊവിഡ് മൂലമുള്ള തൊഴിൽ നഷ്ടത്തിൽ നിന്ന് അമേരിക്കൻ പൗരന്മാരെ രക്ഷിക്കുന്നതിനായാണ് ഗ്രീൻ കാർഡ് വിലക്കിയതെന്നാണ് ട്രംപ് പറഞ്ഞത്. എന്നാൽ, വിലക്ക് അമേരിക്കയുടെ താത്പര്യങ്ങൾക്ക് എതിരാണെന്ന് വ്യക്തമാക്കിയ ബൈഡൻ
കുടുംബത്തിനൊപ്പം ചേരാൻ പലർക്കും വിലക്ക് തടസ്സമാകുകയാണെന്നും യു.എസ് വ്യവസായങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുകയാണെന്നും പറഞ്ഞു.
ട്രംപിന്റെ കുടിയേറ്റ നയങ്ങൾ തിരുത്തുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബൈഡൻ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി മുസ്ലിം രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ യു.എസ് യാത്രാ വിലക്ക് ബൈഡൻ പിൻവലിച്ചിരുന്നു. വിദേശ അതിഥി തൊഴിലാളികൾക്ക് വിലക്കേർപ്പെടുത്തിയ നടപടി കാലിഫോർണിയ ഫെഡറൽ ജഡ്ജിയും റദ്ദാക്കിയിരുന്നു.
പ്രതീക്ഷയോടെ അപേക്ഷകർ
പ്രതിവർഷം 11 ലക്ഷം ഗ്രീൻ കാർഡാണ് അമേരിക്ക നൽകുന്നത്. വിലക്ക് മൂലം കഴിഞ്ഞ വർഷം മാത്രം 1,20,000 വിസകൾ നഷ്ടപ്പെട്ടതായാണ് കണക്ക്. തൊഴിൽ വിസയുള്ളവരും പ്രതിസന്ധിയിലായി. 1.4 കോടി പേരാണ് ഇതുവരെ ഗ്രീൻകാർഡിന് അപേക്ഷ നൽകി കാത്തിരിക്കുന്നത്. ഇതിനു പുറമെ നാലര ലക്ഷത്തോളം കുടുംബ വിസ അപേക്ഷകരുമുണ്ട്. എന്നാൽ, ഇത്രയും കൂടുതൽ പേർക്ക് ഒന്നിച്ച് വിസ അനുവദിക്കാനാവില്ലെന്നതിനാൽ പലരും ഒരുപാട് നാൾ കാത്തിരിക്കേണ്ടി വന്നേക്കാം.
യു.എസ് പൗരത്വം പഴയ രീതിയിലേക്ക്
അതേസമയം, യു.എസ് പൗരത്വം പഴയ രീതിയിലേക്ക് മാറുന്നു. മാർച്ച് ഒന്നു മുതൽ ഇതു 2008ലെ നാച്വുറലൈസേഷൻ ടെസ്റ്റ് രീതിയിലേക്ക് പൗരത്വ പ്രക്രിയകൾ മാറുമെന്ന് യു.എസ് സിറ്റിസൺഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് അറിയിച്ചു.
പൗരത്വത്തിനായുള്ള ചോദ്യാവലിയിൽ ട്രംപ് ഭരണകൂടം കൂട്ടിച്ചേർത്ത 28 ചോദ്യങ്ങൾ റദ്ദാകും. മാർച്ച് ഒന്നു മുതലുളള അപേക്ഷകർക്ക് 2008 മാതൃക ടെസ്റ്റ് നടത്തുമെന്നാണ് വിവരം.