wedding

ന്യൂഡൽഹി: രാജ്യത്തെ വിവാഹ നിയമങ്ങൾ ഒരു പുരുഷന്റെയും സ്‌ത്രീയുടെയും ഐക്യത്തെ മാത്രം അംഗീകരിക്കുന്നതാണെന്നും എന്നാൽ സ്വവർഗ വിവാഹം ഇതിന് വിരുദ്ധമാണെന്നും കേന്ദ്ര സർക്കാർ‌. ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിലാണ് സ്വവർഗ വിവാഹത്തെ ശക്തമായി എതിർത്തുകൊണ്ട് കേന്ദ്ര സർക്കാർ നിലപാട് അറിയിച്ചത്. ഒരേ ലിംഗത്തിലെ പങ്കാളിയുമായി ഒരുമിച്ച് ജീവിക്കുന്നതും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും ഭർത്താവ്, ഭാര്യ, കുട്ടികൾ എന്നിങ്ങനെയുള‌ള ഇന്ത്യൻ കുടുംബം എന്ന ആശയവുമായി അതിനെ താരതമ്യം ചെയ്യാൻ കഴിയില്ലെന്നും സത്യവാങ്‌മൂലത്തിൽ കേന്ദ്രസർക്കാർ പറയുന്നു.

ഒരേ ലിംഗക്കാരുടെ വിവാഹം രജിസ്‌റ്റർ ചെയ്യുന്നത് ഇപ്പോഴുള‌ള നിയമ വ്യവസ്ഥകളെ ലംഘിക്കുന്നതാണ്. സ്വവർഗ വിവാഹം മൗലിക അവകാശമല്ല. രാജ്യത്തെ വിവാഹ നിയമങ്ങൾ എന്നത് മതപരമായ അനുമതി വഴിയും പിന്നീട് പാർലമെന്റ് രൂപം നൽകിയ നിയമങ്ങൾ വഴിയും അനുമതി ലഭിച്ചതാണ്. ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും ഇടപെടലുകൾ രാജ്യത്തെ സൂക്ഷ്‌മമായ വ്യക്തി നിയമങ്ങളുടെ സന്തുലിതാവസ്ഥ തകർക്കുമെന്നും സത്യവാങ്‌മൂലത്തിലുണ്ട്. സ്വവർഗ വിവാഹത്തിലൂടെ ഒരാളെ ഭർത്താവ് എന്നോ ഭാര്യ എന്നോ വിളിക്കുന്നത് പ്രായോഗികമോ സാദ്ധ്യമായതോ ആയ കാര്യമല്ല.

ഹിന്ദു വിവാഹത്തിൽ സ്വവർഗ വിവാഹത്തിനും അനുമതി നൽകണം എന്ന ഹർജിയിലാണ് കേന്ദ്ര സർക്കാർ ഇങ്ങനെ സത്യവാങ്‌മൂലം നൽകിയത്. കേസ് ഇനി ഏപ്രിൽ മാസത്തിലാണ് കോടതി വീണ്ടും പരിഗണിക്കുക.