nirav-modi

ലണ്ടൻ: സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായ വജ്രവ്യാപാരി നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാൻ ബ്രിട്ടനിലെ വെസ്റ്റ് മിനിസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. രണ്ടു വർഷത്തോളം നീണ്ട നിയമപോരാട്ടത്തിന് ഇതോടെ അവസാനമായേക്കും. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 14000 കോടിയുടെ തട്ടിപ്പാണ് നീരവ് നടത്തിയത്. നീരവിനെതിരെ മതിയായ തെളിവുണ്ടെന്ന് കോടതി വ്യക്തമാക്കി.

ഇന്ത്യൻ ജയിൽ സാഹചര്യങ്ങൾ തന്റെ മാനസികാരോഗ്യം വഷളാകും എന്നതടക്കമുള്ള നീരവിന്റെ വാദങ്ങൾ കോടതി തള്ളി. 'നീരവിനെ ഇന്ത്യയ്ക്ക് കൈമാറുന്നത് മനുഷ്യാവകാശത്തിന് അനുസൃതമാണെന്നതിൽ സംതൃപ്തനാണെന്ന് ജില്ലാ ജഡ്ജി സാമുവൽ ഗൂസെ പറഞ്ഞു. നീരവിനെ വിട്ടുകിട്ടണമെന്നുള്ള ഇന്ത്യയുടെ ആവശ്യം അംഗീകരിച്ച കോടതി ഇന്ത്യക്ക് കൈമാറിയാൽ നീതി ലഭിക്കില്ലെന്ന വാദത്തിന് തെളിവില്ലെന്നും വ്യക്തമാക്കി. ഉത്തരവിൽ നീരവിന് അപ്പീൽ പോകാമെന്നും കോടതി കൂട്ടിച്ചേർത്തു. ‘നീരവ് നേരിട്ടാണു വായ്പാത്തട്ടിപ്പ് നടത്തിയത്. പ്രഥമദൃഷ്ട്യാ സാമ്പത്തിക ക്രമക്കേട് നടന്നതായി കാണാനാകും’– ജഡ്ജി അഭിപ്രായപ്പെട്ടു. നീരവിനെതിരെ ഇന്ത്യ 16 വാല്യം തെളിവ് ഹാജരാക്കിയെന്നും കോടതി ചൂണ്ടിക്കാട്ടി.

കോടതിയുടെ റൂളിംഗ് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിന് അയച്ചു കൊടുക്കും. ഹൈക്കോടതിയിൽ അപ്പീൽ പോകുന്നത് അടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചായിരിക്കും അന്തിമ തീരുമാനമെന്നാണു റിപ്പോർട്ട്. 2019 മാർച്ചിൽ ബ്രിട്ടനിൽ അറസ്റ്റിലായ നീരവ് സൗത്ത് വെസ്റ്റ് ലണ്ടനിലെ വാൻഡ്സ്വർത്ത് ജയിലിലാണ്.ജയിലിൽനിന്ന് വിഡിയോ കോൺഫറൻസ് വഴിയാണു നീരവ് കോടതി നടപടികളിൽ പങ്കെടുത്തത്.

നീരവിന്റെ തട്ടിപ്പുകൾ

നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്സിയും ചേർന്ന് പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 14,000 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്നാണു കേസ്. തട്ടിപ്പിലൂടെ സമ്പാദിച്ച പണത്തിന്റെ ഒരു ഭാഗം സഹോദരി പൂർവി മോദിയുടെ അക്കൗണ്ടിലെത്തിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആരോപിക്കുന്നു. വൻകിട ബിസിനസുകാർക്കു ബാങ്ക് ഗ്യാരന്റിയുടെ അടിസ്ഥാനത്തിൽ കോടികളുടെ ഇടപാടിന് സൗകര്യമൊരുക്കുന്ന ബയേഴ്സ് ക്രെഡിറ്റ് രേഖകൾ ഉപയോഗിച്ച് നീരവ് വിദേശത്തും തട്ടിപ്പ് നടത്തി. പി.എൻ.ബിയുടെ ജാമ്യത്തിന്റെ ബലത്തിൽ വിദേശത്തെ ബാങ്കുകളിൽനിന്നു വൻതോതിൽ പണം പിൻവലിച്ചു. ഈ പണം തിരിച്ചടയ്ക്കാത്തതു മൂലം ബാദ്ധ്യത പി.എൻ.ബിക്കായി. നീരവ്, ഭാര്യ ആമി, സഹോദരൻ നിഷാൽ, ബിസിനസ് പങ്കാളിയും അമ്മാവനുമായ മെഹുൽ ചിന്നുഭായ് ചോക്സി എന്നിവർ പി.എൻ.ബിയെ കബളിപ്പിച്ച് 280 കോടി രൂപ തട്ടിയ കേസുമായി ബന്ധപ്പെട്ട് ബാങ്ക് നടത്തിയ വിശദ പരിശോധനയിലാണ് 2011 മുതലുള്ള വൻ സാമ്പത്തിക ക്രമക്കേടുകൾ പുറത്തു വന്നത്. ബ്രിട്ടനിലേക്ക് മുങ്ങിയ നീരവ് 2019 മാർച്ചിൽ ലണ്ടനിൽ അറസ്റ്റിലാകുകയായിരുന്നു.