
തിരുവല്ല: രണ്ടു വർഷത്തിലേറെ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ മേൽശാന്തിയായിരുന്നു വിഷ്‌ണു നാരായണൻ നമ്പൂതിരി. മലയാള ബ്രാഹ്മണനായ കവിയുടെ കുടുംബം, ശ്രീവല്ലഭ ക്ഷേത്രത്തിലെ കാരാഴ്മ മേൽശാന്തി അവകാശമുള്ള അഞ്ചു കുടുംബങ്ങളിൽ ഒന്നാണ്. കവിയുടെ പിതാവും ശ്രീവല്ലഭ ക്ഷേത്രത്തിൽ പൂജകൾ ചെയ്തിരുന്നു. യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് ഇംഗ്ലീഷ് വിഭാഗം മേധാവിയായി വിരമിച്ചശേഷമാണ് 1995 മുതൽ ശ്രീവല്ലഭ ക്ഷേത്രത്തിൽ കവി ശാന്തിക്കാരനായത്. അന്ന് കവിസംഗമവും ക്ഷേത്രത്തിൽ സംഘടിപ്പിച്ചിരുന്നു. 97ൽ ലണ്ടനിൽ നടന്ന സെമിനാറിൽ ശ്രീവല്ലഭ ക്ഷേത്രത്തിലെ പുരുഷ സൂക്തത്തെക്കുറിച്ച് പ്രബന്ധം അവതരിപ്പിക്കാൻ അദ്ദേഹം പോയത് വിവാദമായിരുന്നു. മേൽശാന്തി മതിലകം വിട്ട് കടൽകടന്ന് പോയത് ആചാരലംഘനമാണെന്നായിരുന്നു ആക്ഷേപം. പിന്നീട് അവരോഹണം നടത്തി വീണ്ടും മേൽശാന്തിയായി. തിരുവനന്തപുരത്തേക്ക് മടങ്ങിയശേഷം 2006ൽ ശ്രീവല്ലഭ ക്ഷേത്രത്തിൽ നടന്ന ഭാഗവതസത്രത്തിന്റെ സമാപനസമ്മേളനത്തിൽ പങ്കെടുത്തിരുന്നു. 2014ൽ പത്മശ്രീ ലഭിച്ചപ്പോൾ കുടുംബസമേതം തിരുവല്ലയിലെത്തിയ അദ്ദേഹത്തിന് ക്ഷേത്രത്തിൽ സ്വീകരണം നൽകിയിരുന്നു. പണ്ഡിതശ്രേഷ്ഠനായ കവിയുടെ വേർപാട് ഭക്തജനങ്ങൾക്കും ജന്മനാടിനും തീരാനഷ്ടമാണെന്ന് ക്ഷേത്രം തന്ത്രി അക്കീരമൺ കാളിദാസ ഭട്ടതിരി പറഞ്ഞു.