bharath-bandh

തിരുവനന്തപുരം: ഇന്ധനവിലക്ക‌യറ്റം, ജിഎസ്‌ടി, ഇവേബിൽ എന്നിവയിൽ പ്രതിഷേധിച്ച് ഡൽഹി ആസ്ഥാനമായുള‌ള കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് വെള‌ളിയാഴ്‌ച ഭാരത് ബന്ദ് പ്രഖ്യാപിച്ചു. എന്നാൽ ബന്ദ് കേരളത്തിലുണ്ടാകില്ല. കടകൾ തുറന്നു പ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി കെ. സേതുമാധവൻ അറിയിച്ചു. മറ്റ് സംഘടനകൾ നിലപാട് അറിയിച്ചിട്ടില്ല. ഇവരും സമരത്തിൽ പങ്കെടുക്കില്ലെന്നാണ് ലഭ്യമായ വിവരം.

രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ബന്ദിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്. ഓൾ ഇന്ത്യ ട്രാൻസ്‌പോർട് വെൽഫെയർ അസോസിയേഷൻ( എ.ഐ.ടി.ഡബ്ളു.എ) സമരത്തിൽ പങ്കെടുക്കുന്നുണ്ട്. എന്നാൽ ലോറി ഉടമകളുടെ സംഘടനയായ ലോറി ഓണേഴ്‌സ് ഫെഡറേഷൻ പണിമുടക്കിൽ പങ്കെടുക്കില്ല.