uefa

മാഞ്ചസ്റ്റർ സിറ്റി 2-മോൺഷെംഗ്ളബാഷ് 0

റയൽ മാഡ്രിഡ് 1 - അറ്റലാന്റ 0

ബയേൺ മ്യൂണിക്ക് 4 - ലാസിയോ1

ചെൽസി 1-അത്‌ലറ്റിക്കോ മാഡ്രിഡ് 0

റോം: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്‌ബാളിന്റെ ആദ്യ പാദ പ്രീ ക്വാർട്ടർ മത്സരങ്ങളിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റി, റയൽ മഡ്രിഡ്, ബയേൺ മ്യൂണിക്ക് എന്നീ ടീമുകൾക്ക് വിജയം. മാഞ്ചസ്റ്റർ സിറ്റി മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് ജർമ്മൻ ക്ളബ് മോൺഷെംഗ്ളബാഷിനെ തോൽപ്പിച്ചപ്പോൾ മുൻ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് ഇറ്റാലിയൻ ക്ളബ് അറ്റലാന്റയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി. നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് ഇറ്റാലിയൻ ക്ളബ് ലാസിയോയെ ഒന്നിനെതിരെ നാലുഗോളുകൾക്കാണ് കീഴടക്കിയത്.

മോൺഷെംഗ്ളാബാഷിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിന്റെ 29-ാം മിനിട്ടിൽ ബെർണാഡോ സിൽവയും 65-ാം മിനിട്ടിൽ ഗബ്രിയേൽ ജീസസും നേടിയഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റിയുടെ ജയം. ഈ വിജയത്തോടെ സിറ്റി ക്വാർട്ടർ ഫൈനൽ ഏറെക്കുറെ ഉറപ്പിച്ചു. മാർച്ച് 16 ന് നടക്കുന്ന രണ്ടാം പാദ മത്സരത്തിൽ 3-0 നെങ്കിലും ജയിച്ചാൽ മാത്രമേ മോൺഷെംഗ്ളാബാഷിന് ക്വാർട്ടറിലേക്ക് കടക്കാനാകൂ.

അറ്റലാന്റയോട് ഒരു ഗോളിന്റെ ലീഡിൽ രക്ഷപ്പെടുകയായിരുന്നു റയൽ. ഇറ്റാലിയൻ ക്ലബിന്റെ തട്ടകത്തിൽ സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച മത്സരത്തിന്റെ 86-ാം മിനിട്ടിൽ ഫെർലാൻഡ് മെൻഡിയാണ് വിജയഗോൾ നേടിയത്. 17-ാം മിനിട്ടിൽ റെമോ ഫ്ര്യൂലർചുവപ്പുകാർഡ് കണ്ട് പുറത്തായിട്ടും മികച്ച പ്രകടനമാണ് അറ്റലാന്റ കാഴ്ചവെച്ചത്. രണ്ടാം പാദമത്സരം മാർച്ച് 17 ന് നടക്കും.

ക്ലബ് ലോകകപ്പ് നേടി മികച്ച ഫോം തുടരുന്ന ജർമ്മൻ ക്ളബ് ബയേൺ ലാസിയോയെ അവരുടെ തട്ടകത്തിൽചെന്ന് ഒന്നിനെതിരേ നാലുഗോളുകൾക്ക് നാണം കെടുത്തുകയായിരുന്നു. ബയേണിനായി സൂപ്പർ താരം റോബർട്ട് ലെവെൻഡോവ്സ്‌കി, ജമാൽ മുസിയാല, ലിറോയ് സാനെ എന്നിവർ സ്‌കോർ ചെയ്തപ്പോൾ ഏയ്‌സർബിയുടെ സെല്‍ഫ് ഗോളും തുണയായി. ലാസിയോയ്ക്കായി ജൊവാക്വിൻ കോറിയ ആശ്വാസ ഗോൾ നേടി. ഈ വിജയത്തോടെ ബയേണ്‍ ക്വാർട്ടർ ഫൈനൽ പ്രവേശനം ഏകദേശം ഉറപ്പിച്ചു.

മറ്റൊരു ആദ്യപാദ പ്രീക്വാർട്ടർ മത്സരത്തിൽ ഇംഗ്ളീഷ് ക്ളബ് ചെൽസി ഏകപക്ഷീയമായ ഒരു ഗോളിന് സ്പാനിഷ് ക്ളബ് അത്‌ലറ്റിക്കോ മാഡ്രിഡിനെ തോൽപ്പിച്ചു. 68-ാം മിനിട്ടിൽ തകർപ്പനൊരു ബൈസിക്കിൾ കിക്കിലൂടെ ഫ്രഞ്ച് സ്ട്രൈക്കർ ഒളിവർ ജിറൂദാണ് ചെൽസിയുടെ വിജയഗോൾ നേടിയത്. ഫ്രാങ്ക് ലംപാർഡിന് പകരം കോച്ചായെത്തിയ തോമസ് ടുഹേലിന്റെ കീഴിൽ ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ഇറങ്ങിയതായിരുന്നു ചെൽസി.കഴിഞ്ഞ സീസണിൽ പാരീസ് എസ്.ജിയെ ചാമ്പ്യൻസ് ലീഗ് റണ്ണർഅപ്പാക്കിയ കോച്ചായിരുന്നു ടുഹേൽ.